bengaluru-stabbing

അസിസ്റ്റന്‍റ് പ്രൊഫസറായ മകളെ കോളജില്‍ വച്ച് കുത്തി പരുക്കേല്‍പ്പിച്ച പിതാവ് അറസ്റ്റില്‍. ബെംഗളൂരു രാജനുകുണ്ഡെയിലാണ് സംഭവം. യുവതിയുടെ വിവാഹവും കുടുംബത്തിന്‍റെ സാമ്പത്തിക നിലയും സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച വൈകിട്ട് പ്രിന്‍സിപ്പലിന്‍റെ ഓഫിസില്‍ വച്ചാണ് ലക്ഷ്മി ദുര്‍ഗ എന്ന യുവതിയെ പിതാവ് നാഗേന്ദ്ര കുത്തിയത്. 

54–കാരനായ നാഗേന്ദ്ര ടാക്സി ഡ്രൈവറായിരുന്നു. ഏറെക്കാലമായി മകള്‍ക്ക് പറ്റിയ വരനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. ഒടുവില്‍ അങ്ങനെയുള്ള ഒരാളെ കണ്ടെത്തി. എന്നാല്‍ മകളെ കല്യാണം കഴിച്ച് തരണമെങ്കില്‍ 40 ലക്ഷം രൂപ തരണമെന്ന് നാഗേന്ദ്ര യുവാവിന്‍റെ വീട്ടുകാരോട് ആവശ്യപ്പെട്ടു. മകളുടെ പഠനത്തിനും ഭാവി സുരക്ഷിതമാക്കാനും ഏറെ പണം ചെലവാക്കിയിട്ടുണ്ടെന്നും ആ പണമാണ് ആവശ്യപ്പെടുന്നതെന്നും നാഗേന്ദ്ര അവകാശപ്പെട്ടു. ഇത് കൂടാതെ യുവതിയുടെ മാസശമ്പളം തനിക്ക് തരണമെന്നും നാഗേന്ദ്ര ആവശ്യമുന്നയിച്ചു.

അമ്മായിയപ്പന് ഹൃദയാഘാതം; 'നവവധു ദുഃശ്ശകുന'മെന്ന് പൂജാരി; അധ്യാപിക ജീവനൊടുക്കി...


എന്നാല്‍ നാഗേന്ദ്രയുടെ ആവശ്യങ്ങളെ ഭാര്യ എതിര്‍ത്തു. നാഗേന്ദ്ര പറയുന്നത് മണ്ടത്തരമാണെന്ന് അവര്‍ പറഞ്ഞു. ഇതേച്ചൊല്ലി വീട്ടില്‍ പലതവണ തര്‍ക്കമുണ്ടായി. തുടര്‍ന്ന് 25ന് കോളജിലെത്തിയ നാഗേന്ദ്ര മകളെ കാണണമെന്ന് ആവശ്യപ്പെട്ടു. ലക്ഷ്മി ദുര്‍ഗ ക്ലാസില്‍ നിന്നുവന്നപ്പോള്‍ നാഗേന്ദ്ര മകളെ വയറ്റിലും കഴുത്തിലും നെഞ്ചിലും കത്തികൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതി തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. അറസ്റ്റിലായ നാഗേന്ദ്രയെ കോടതി റിമാന്‍ഡ് ചെയ്തു.

ENGLISH SUMMARY:

Assistant professor injured in a shocking incident where her father stabbed her at college in Bengaluru due to a dispute over her marriage and the family's financial status. The father, reportedly demanding a dowry of 40 lakhs and her salary, has been arrested.