ചോരപുരണ്ട തലയും കടിച്ചുപിടിച്ച് തെരുവുനായ ക്രിക്കറ്റ് ഗ്രൗണ്ടിലെത്തി, ഭീതിയില്‍ പരക്കം പാഞ്ഞ് കുട്ടികള്‍. ബെംഗളൂരു വരതൂരിലാണ് ഭയാനകമായ സംഭവമരങ്ങേറിയത്. തെരുവുനായ്ക്കള്‍ കുട്ടമായെത്തിയപ്പോള്‍ ഒരു നായ കടിച്ചെടുത്ത് കൊണ്ടുവന്ന വസ്തുവില്‍ കൗതുകം തോന്നി അടുത്ത് ചെന്ന് നോക്കിയപ്പോളാണ് മനുഷ്യന്‍റെ തലയാണെന്ന് ബോധ്യമായത്. പിന്നാലെ ഗ്രൗണ്ടിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പൊലീസിനെ വിളിക്കുകയായിരുന്നു.
സ്ഥലത്തെത്തി തല പരിശോധിച്ച പൊലീസ് പ്രദേശം മൊത്തം അരിച്ചുപെറുക്കിയെങ്കിലും തലയുടെ ഉടമയുടെ ശരീരം കണ്ടെത്താനായില്ല. തുടര്‍ന്ന് അന്വേഷണവിവരം പുറത്തറിയിച്ചു. ഇതിനിടെ റെയില്‍വേ പൊലീസ്, പൊലീസുമായി ബന്ധപ്പെടുകയായിരുന്നു.
ഗ്രൗണ്ടിന് അധികം അകലെയല്ലാതെ ഒരു റെയില്‍വേ ട്രാക്കുണ്ടായിരുന്നു. ഇവിടെ ആന്ധ്രാ സ്വദേശിയായ 25കാരന്‍ ട്രെയിന്‍ തട്ടി മരിച്ചിരുന്നു. യുവാവിന്‍റെ ശരീരഭാഗമാകാം എന്ന് റെയില്‍വേ പൊലീസ് അഭിപ്രായപ്പെട്ടു.
തുടര്‍ന്ന് മോര്‍ച്ചറിയില്‍ ബന്ധപ്പെട്ടപ്പോഴാണ് കേസില്‍ വ്യക്തത വന്നത്. മരിച്ച യുവാവിന്‍റെ തല തന്നെയായിരുന്നു നായ്ക്കള്‍ കടിച്ചെടുത്ത് വന്നത്.
യുവാവിന്‍റെ ശരീരം ട്രെയിനിടിച്ച് ചിതറിയിരുന്നു. ശരീരഭാഗങ്ങള്‍ പെറുക്കിയെടുത്ത് വന്ന ആരോഗ്യവിദഗ്ധര്‍ക്ക് തല ലഭിച്ചിരുന്നില്ല. ഏറെ പരതിയെങ്കിലും തല കണ്ടെത്താനായില്ല. തുടര്‍ന്ന് കിട്ടിയ ശരീരഭാഗങ്ങളുമായി സംഘം മടങ്ങുകയായിരുന്നു.
ട്രെയിനിടിച്ച ആഘാതത്തില്‍ തല ദൂരേക്ക് തെറിച്ചുപോയതാകാമെന്നും ഇത് നായ കടിച്ചെടുത്ത് വന്നതാകാമെന്നുമാണ് പൊലീസ് നിഗമനം.