bengaluru-bus

TOPICS COVERED

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ് ബസുകള്‍. ബസ് യാത്രയ്ക്കിടെ സ്ത്രീകളെ കടന്നുപിടിക്കുന്നവരും മോശമായി പെരുമാറുന്നവരും വന്‍തോതിലുണ്ട്. ഇത്തരത്തില്‍ തന്‍റെ ബസില്‍ നിന്നും പെണ്‍കുട്ടിയോട് മോശമായി പെരുമാറിയവനെ നേരിട്ട് കൈകാര്യം ചെയ്യുന്ന ഡ്രൈവറുടെ വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ബെംഗളൂരുവിലായിരുന്നു സംഭവം.

സര്‍ക്കാര്‍ ബസായ ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് ബസില്‍ യാത്രചെയ്യുകയായിരുന്നു പെണ്‍കുട്ടി. ഇതിനിടെ ഒരാള്‍ ബസ് കയറുകയും പെണ്‍കുട്ടിയുടെ അടുത്ത് വന്നിരിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ കടന്നു പിടിച്ചുവെന്നാണ് ആരോപണം. 

പെണ്‍കുട്ടി ഉടനെ തന്നെ പ്രതികരിക്കുകയും യാത്രക്കാര്‍ വിഷയത്തില്‍ ഇടപെടുകയുമായിരുന്നു. യാത്രക്കാരുടെ മര്‍ദനത്തില്‍ ഇയാളുടെ ഷര്‍ട്ട് കീറി. ഉടന്‍ തന്നെ ഇയാള്‍ രക്ഷപ്പെടാനായി ബസിന്‍റെ മുന്നിലുള്ള ഡോറിന് സമീപം ചെന്നു. എന്നാല്‍ വാഹനം നിര്‍ത്തുന്നില്ലെന്നും പൊലീസ് സ്റ്റേഷനിലേക്കാണ് പോകുന്നതെന്നുമായി ഡ്രൈവര്‍. 

ഇതിനിടെ ഡ്രൈവറെ ഇയാള്‍ തുപ്പുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് ബസ് നിര്‍ത്തിയ ഡ്രൈവര്‍ ഇയാളെ സീറ്റില്‍ നിന്നും ചാടിയിറങ്ങി ആക്രമിക്കുകയായിരുന്നു. 

പിന്നീട് ഇയാളെ പൊലീസ് എത്തി അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ സംരക്ഷണത്തിനായി എത്തിയ മറ്റ് യാത്രികരെയും പ്രതിയെ രക്ഷപ്പെടാന്‍ സമ്മതിക്കാതിരുന്ന ഡ്രൈവരെയും വന്‍തോതിലാണ് സോഷ്യല്‍ മീഡിയ പുകഴ്ത്തുന്നത്. 

ENGLISH SUMMARY:

Bus harassment is a significant issue, with many women experiencing inappropriate behavior while traveling. A video has gone viral showing a bus driver in Bengaluru confronting and physically confronting a man who allegedly molested a female passenger.