മുപ്പത് വര്‍ഷത്തോളം നീണ്ട പീഡനപരമ്പരകള്‍ അഴിച്ചുവിട്ട ക്രൂരനായ ഒരു ലൈംഗിക കുറ്റവാളി പിടിയിലായ വാര്‍ത്തയാണ് സിംഗപ്പൂരില്‍ നിന്ന് പുറത്തുവരുന്നത്. മകളും മകന്‍റെ പെണ്‍മക്കളും സഹോദരീപുത്രിമാരുമടക്കം പ്രായപൂര്‍ത്തിയാകാത്ത 11 പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. കുടുബത്തിന് പുറത്ത് നാല് പെണ്‍കുട്ടികളെയും ഇയാള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ട്.
2023ലാണ് മുപ്പത് വര്‍ഷത്തോളം നടത്തിയ പീഡനങ്ങളുടെ വാര്‍ത്ത പുറത്തുവരുന്നത്. തന്നെ മുത്തച്ഛന്‍ അനാവശ്യമായി തൊട്ടെന്ന് ഏഴുവയസുകാരി പേരക്കുട്ടി തന്‍റെ അമ്മയോട് പറയുന്നതോടെയാണ് ക്രൂരതയുടെ കെട്ടഴിയുന്നത്.
1997 മുതല്‍ 2021 വരെ ഒരു പഠന വികാസ കേന്ദ്രം നടത്തിവരികയായിരുന്നു കേസിലെ പ്രതിയും ഭാര്യയും. ഈ കാലഘട്ടത്തിലാണ് ഏഴ്വയസുകാരിയായ തന്‍റെ മകളെ ആദ്യമായി പീഡിപ്പിക്കുന്നത്. മകളെ കൂടാതെ ഇയാള്‍ക്ക് രണ്ട് ആണ്‍മക്കളുമുണ്ടായിരുന്നു. തുടര്‍ന്ന് 2005ല്‍ മകള്‍ക്ക് 15 വയസാകും വരെ പീഡനം തുടര്‍ന്നു. പീഡനവിവരം പുറത്തുപറയരുതെന്നും പറഞ്ഞാല്‍ കുടുംബം തകര്‍ന്ന് പോകുമെന്നുമായിരുന്നു ഇയാള്‍ മകളോട് പറഞ്ഞത്.
2023ല്‍ വാനില്‍ സഞ്ചരിക്കവേ പേരക്കുട്ടിക്ക് പോണ്‍ വിഡിയോ കാണിച്ചുകൊടുക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. ഏഴുവയസുകാരി അമ്മയോട് ഇത് പറഞ്ഞു. മകന്‍റെ കുട്ടിയായിരുന്നു ഇത്. വിവരം പുറത്തായതോടെ മറ്റൊരു പേരക്കുട്ടിയും തന്നെ മുത്തച്ഛന്‍ പീഡനത്തിനിരയാക്കിയെന്ന് വെളിപ്പെടുത്തി. പീഡനവിവരം പുറത്തുപറഞ്ഞാല്‍ മുത്തച്ഛന്‍റെ പ്രിയപ്പെട്ട പേരക്കുട്ടിയല്ലാതാകും എന്ന് പറഞ്ഞാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്.
ഇതോടെ തന്നെയും പിതാവ് പീഡിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ് പീഡകന്‍റെ മകളും രംഗത്തെത്തി. തന്നെ അമ്മാവന്‍ 1997ല്‍ പീഡിപ്പിച്ചെന്നും കരഞ്ഞപ്പോള്‍ 50 ഡോളര്‍ തന്ന് ഇത് പുറത്തുപറയരുതെന്ന് പറഞ്ഞെന്ന ആരോപണവുമായി ഇയാളുടെ സഹോദരി പുത്രിയും രംഗത്തെത്തി. പിന്നാലെ പഠന വികാസ കേന്ദ്രത്തില്‍ ട്യൂഷന്‍ പഠിപ്പിച്ചിരുന്ന നാല് പേരും തങ്ങളെ പീഡിപ്പിച്ചെന്ന ആരോപണവുമായി രംഗത്തെത്തി. 11 പെണ്‍കുട്ടികളെയാണ് 30 വര്‍ഷത്തിനിടെ ഇയാള്‍ പീഡിപ്പിച്ചത്.
അപൂര്‍വ രക്താര്‍ബുദം ബാധിച്ച പ്രതിയ്ക്ക് 70 വയസാണ് പ്രായം. എന്നാല്‍ നിലവില്‍ 36 ഓളം കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.തുടര്‍ന്ന് ഈ മാസം 24ന് 32ഓളം കേസുകളില്‍ ഇയാള്‍ കുറ്റവാളിയെന്ന് തെളിഞ്ഞു. സെപ്റ്റംബറിലാണ് ശിക്ഷ വിധിക്കുക. വീല്‍ചെയറിലുള്ള ആളായതിനാല്‍ സാധാരണ പീഡകര്‍ക്ക് കൊടുക്കുന്ന ചൂരല്‍ അടി ശിക്ഷയാകില്ല ഇയാള്‍ക്ക് നല്‍കുക എന്ന് അധികൃതര്‍ വ്യക്തമാക്കി.