വന്ദേ ഭാരത് ട്രെയിനിലെ പരിപ്പുവടയില്‍ ഫെവിക്വിക്ക് പശയുടെ ട്യൂബ്. മൈസൂരു– ചെന്നൈ വന്ദേ ഭാരതിലെ യാത്രക്കാരന് നൽകിയ വൈകിട്ടത്തെ ലഘുഭക്ഷണത്തില്‍ നിന്നാണ് ഫെവിക്വിക്ക് പശയുടെ ട്യൂബ് കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് ട്രെയിന്‍ നമ്പര്‍ 20608 ലാണ് സംഭവം. ഈ ട്രെയിനില്‍ യാത്ര ചെയ്ത ലയണ്‍സ് ക്ലബ് അംഗങ്ങളുടെ സംഘത്തില്‍പ്പെട്ട ഡി.ശേഖറിനാണ് ദുരനുഭവമുണ്ടായത്.

ചായക്കൊപ്പം വട കടിച്ചപ്പോൾ അസ്വാഭാവികത തോന്നി പരിശോധിച്ചപ്പോഴാണ് പശയുടെ ട്യൂബ് കണ്ടതെന്നും ഭാഗ്യം കൊണ്ടാണ് താൻ ഇതു വിഴുങ്ങാതിരുന്നതെന്നും യാത്രക്കാരൻ പറഞ്ഞു. സംഭവത്തില്‍ ഐആർസിടിസിക്ക് യാത്രക്കാരന്‍ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. 

വൈകിട്ട് 3 മണിയോടെ ട്രെയിനിൽ ലഘുഭക്ഷണം വിതരണം ചെയ്തപ്പോഴാണ് സംഭവം നടന്നതെന്ന് യാത്രക്കാരനായ ഡോ. സത്യമൂർത്തി ബാലസുബ്രഹ്മണ്യം പറഞ്ഞു. സംഘത്തിലുണ്ടായിരുന്ന ശേഖർ പരിപ്പുവട കഴിക്കാൻ കടിച്ചപ്പോഴാണ് വടക്കുള്ളിൽ ഒളിഞ്ഞിരുന്ന ഫെവിക്വിക് ട്യൂബ് കണ്ടത്. കടിച്ചയുടൻ ട്യൂബ് പൊട്ടുകയും പശ ശേഖറിന്റെ വായിലേക്ക് പടരുകയും ചെയ്യുകയായിരുന്നു. അദ്ദേഹം ഉടൻ വായ്ക്കകത്തുനിന്നും ട്യൂബ് നീക്കം ചെയ്തതിനാൽ വലിയ അപകടം ഒഴിവായി.

ENGLISH SUMMARY:

Vande Bharat train food safety is a major concern after a passenger found a Fevikwik tube in a parippu vada served on the Mysuru-Chennai Vande Bharat Express. The incident highlights potential lapses in food handling and quality control on premium Indian train services.