AI Image

  • ചിത്രങ്ങള്‍ സഹിതം പരാതിപ്പെട്ടുവെങ്കിലും കമ്പനി പരാതി പരിഗണിക്കുകയോ, റീഫണ്ട് ചെയ്യുകയോ, പകരം ഫോണ്‍ നല്‍കുകയോ ചെയ്യാതെ പരാതി ക്ലോസ് ചെയ്തു

ഫ്ലിപ്​കാര്‍ട്ടു വഴി  ഐ ഫോണ്‍ 14 പ്രോ ഓര്‍ഡര്‍ ചെയ്ത യുവാവിന് എണ്ണ ലഭിച്ച സംഭവത്തില്‍ ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപ പിഴയീടാക്കി മുംബൈയിലെ ഉപഭോക്തൃ കോടതി. 1.11 ലക്ഷം രൂപ ഉപഭോക്താവിന് ഫ്ലിപ്കാര്‍ട്ടും സെല്ലറായ ഇന്‍റര്‍നാഷനല്‍ വാല്യൂ റീ​ടെയ്​ല്‍ പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് നഷ്ടപരിഹാരമായും 50,000 രൂപ ഈ നടപടി കാരണമുണ്ടായ മാനസികാഘാതത്തിനും 20,000 രൂപ പരാതി നല്‍കിയ ചെലവിലും 45 ദിവസത്തിനുള്ളില്‍ നല്‍കാനും കോടതി ഉത്തരവിട്ടു. നിയമനടപടികള്‍ക്ക് ചെലവായ ഇനത്തില്‍ 70,000 രൂപ കോടതിയില്‍ അടയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു.

2023 ഏപ്രില്‍ 22നാണ് മുംബൈ സ്വദേശിയായ യുവാവ് ഫ്ലിപ്കാര്‍ട്ട് വഴി ഐ ഫോണ്‍ ഓര്‍ഡര്‍ ചെയ്തത്. ഇതിന്‍റെ വിലയായി 1,11,793  രൂപയും അടച്ചു. ഇതിനൊപ്പം ഓര്‍ഡര്‍ ചെയ്ത ചാര്‍ജറും കവറും കൃത്യമായി കമ്പനി എത്തിച്ചെങ്കിലും ഫോണിന് പകരം കിട്ടിയത് താടി വളരാനുള്ള എണ്ണയായിരുന്നു. ഉടന്‍ തന്നെ ചിത്രങ്ങള്‍ സഹിതം പരാതിപ്പെട്ടുവെങ്കിലും കമ്പനി പരാതി പരിഗണിക്കുകയോ, റീഫണ്ട് ചെയ്യുകയോ, പകരം ഫോണ്‍ നല്‍കുകയോ ചെയ്യാതെ പരാതി ക്ലോസ് ചെയ്യുകയായിരുന്നു. ആവര്‍ത്തിച്ച് പരാതിപ്പെട്ടിട്ടും കമ്പനി പരാതി ക്ലോസ് ചെയ്യുന്നത് തുടര്‍ന്നതോടെ ഉപഭോക്താവ് കോടതിയെ സമീപിച്ചു.

പണം പൂര്‍ണമായും അടച്ചതിന് ശേഷം മാത്രമാണ് കമ്പനി ഓര്‍ഡര്‍ സ്വീകരിച്ചതെന്നും അതിനാല്‍ ഉപഭോക്താവിന് ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാതികളെ പരിഗണിക്കാന്‍ ബാധ്യതയുണ്ടെന്നും ഉല്‍പന്നം ലഭിച്ചുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അതിന് പകരം ഇ–കൊമേഴ്സ് സ്ഥാപനം ഇതിനെ അവഗണിക്കുകയാണ് ചെയ്തതെന്നും സംഭവത്തില്‍ അന്വേഷണം നടത്തുകയോ തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ലെന്നും ഇത് മാന്യമായ വ്യാപാര രീതിയല്ലെന്നും വിധിയില്‍ പറയുന്നു.

കേസില്‍ ആപ്പിള്‍ ഇന്ത്യയെയും കോടതി കക്ഷി ചേര്‍ത്തുവെങ്കിലും സ്വതന്ത്രവ്യാപാരികളുടെ വില്‍പ്പനയില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് വാദിച്ചതോടെ കോടതി അംഗീകരിക്കുകയായിരുന്നു.

ENGLISH SUMMARY:

A Mumbai consumer court has ordered Flipkart to pay nearly 1.8 lakh rupees in compensation and penalties after a customer received a bottle of beard oil instead of the iPhone 14 Pro he had ordered online. The buyer had paid over 1.11 lakh rupees in April 2023, but despite receiving the correct charger and cover, the phone was replaced by beard oil in the package. When the customer raised complaints with photographic proof, Flipkart repeatedly closed the tickets without offering a refund or a replacement. Consequently, the aggrieved buyer took the matter to the consumer court, which heavily criticized the e-commerce giant's unfair trade practices and lack of investigation. The court directed Flipkart to refund the product price, alongside compensation for mental agony, litigation costs, and state penalties, while clearing Apple India of any liability.