കേരളത്തിന് പിന്നാലെ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കൂടുതൽ സംസ്ഥാനങ്ങൾ. മണിപ്പുരിലെയും മേഘാലയയിലെയും മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.
മേഘാലയയിൽ ഫുട്ബോൾ വികാരവും ജീവിതത്തിന്റെ ഭാഗവുമാണെന്ന് മുഖ്യമന്ത്രി കോൺറാഡ് സാങ്മ പറഞ്ഞു. ചെറുപ്പക്കാർക്ക് ഫുട്ബോൾ പൂർണമായി ആസ്വദിക്കാൻ അവസരം ഒരുക്കുന്നതിനായാണ് അവധി പ്രഖ്യാപിച്ചതെന്നും കോൺറാഡ് സാങ്മ പറഞ്ഞു.
അതേസമയം, ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് കേരളത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയ പശ്ചാത്തലത്തില്‍ കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. അതേസമയം സാങ്കേതിക സര്‍വകലാശാല രാവിലെ നടത്താനിരുന്ന പരീക്ഷകള്‍ ഉച്ചകഴിഞ്ഞ് നടത്തും. ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.