വീട്ടുജോലിക്കായി ഒമാനിലെത്തിയ പ്രവാസി യുവതി നേരിട്ടത് കൊടുംക്രൂരത. 15 മണിക്കൂറോളം ജോലി ചെയ്യിപ്പിട്ടും നാലു മാസത്തെ ശമ്പളം നല്‍കാതെ പീഡിപ്പിക്കുകയായിരുന്നു. ഹൈദരാബാദില്‍ നിന്നുള്ള ശബ്നം ബീഗമാണ് പീഡനത്തിന് ഇരയായത്. ഹൈദരാബാദിലെ രാഷ്ട്രീയക്കാരനായ അംജദ് ഉല്ലാ ഖാന് ശബ്നം അയച്ച വിഡിയോ സന്ദേശത്തിലൂടെയാണ് തൊഴിലിടത്തെ പീഡന വിവരം പുറത്തറിഞ്ഞത്. സംഭവത്തില്‍ ഒമാനിലെ ഇന്ത്യന്‍ എംബസി ഇടപെട്ടിട്ടുണ്ട്.
മാര്‍ച്ച് 26 നാണ് ശബ്നം ഒമാനിലേക്ക് പോയത്. മാസം 200 ഒമാന്‍ റിയാല്‍ ശമ്പളത്തില്‍ വീട്ടുജോലിയാണ് റിക്രൂട്ട്മെന്‍റ് ഏജന്‍റ് ഉറപ്പു പറഞ്ഞിരുന്നത്. എന്നാല്‍ വിവിധ വീടുകളില്‍ 12-15 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വന്നു എന്ന് യുവതി വിഡിയോയില്‍ പറയുന്നു. കൃത്യമായ ഭക്ഷണമോ താമസമോ തന്നില്ല. നാലു മാസമായി ശമ്പളവും ലഭിച്ചില്ലെന്നും യുവതി പരാതിപ്പെട്ടു.
ഉപദ്രവം സഹിക്കനാകാതെ യുവതി തൊഴിലിടത്ത് നിന്ന് രക്ഷപ്പെടുകയും ഇന്ത്യന്‍ എംബസിയുടെ സഹായം അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ടെന്ന് വിഡിയോ പങ്കുവച്ച് അംജദ് കുറിച്ചു. മസ്ക്കറ്റിലെ ഇന്ത്യന്‍ എംബസി വഴി ശബ്നത്തെ തിരികെ എത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയം ഇടപെടണമെന്നും തെറ്റായ വാഗ്ദാനം നല്‍കുന്ന റിക്രൂട്ട്മെന്‍റ് ഏജന്‍സികള്‍ക്കെതിരെ നടപടിയെടുക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
വിഷയത്തിലിടപെടുന്നതായി അംജദിന്റെ പോസ്റ്റിന് മസ്‌കറ്റിലെ ഇന്ത്യൻ എംബസി മറുപടി നല്‍കി. വിഷയം ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഉചിതമായ നടപടി സ്വീകരിക്കുന്നുണ്ടെന്നുമാണ് മറുപടി.