child-kidnap

Image Credit : Twitter

ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയ്ക്ക് അരികില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത് വില്‍ക്കാന്‍ ശ്രമിച്ച സംഘം ഒടുവില്‍ പൊലീസിന്‍റെ പിടിയില്‍. ഹൈദരാബാദിലാണ് ഒരുമാസം പ്രായമുളള പെണ്‍കുഞ്ഞിനെയാണ് ഓട്ടോയിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ തട്ടിക്കൊണ്ടുപോയവരും ഇടനിലക്കാരും കുഞ്ഞിനെ വാങ്ങാനെത്തിയ ആളടക്കം അഞ്ചുപേരാണ് അറസ്റ്റിലായിരിക്കുന്നത്. പ്രതികള്‍ കുഞ്ഞിനെ കൊണ്ടുപോയി മൂന്നുദിവസങ്ങള്‍ക്കിപ്പുറമാണ് പൊലീസ് കുട്ടിയെ കണ്ടെത്തിയത്.

ഹൈദരാബാദിലെ ലിംഗമ്പള്ളി റെയിൽവേ സ്റ്റേഷന് സമീപം ജൂണ്‍ 30നാണ് സംഭവം നടന്നത്. കര്‍ണാടക സ്വദേശിയായ ഒരു സര്‍ക്കസ് തൊഴിലാളിയാണ് കുഞ്ഞിന്‍റെ അമ്മ. ഇവര്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം റെയിൽവേ സ്റ്റേഷന് സമീപം ഉറങ്ങുമ്പോഴാണ് സംഭവം നടന്നത്. പുലർച്ചെ രണ്ട് മണിയോടെ ഓട്ടോറിക്ഷയിലെത്തിയ രണ്ട് പേർ അമ്മയുടെ മടിയിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഉണർന്ന അമ്മ ഇവരെ പിന്തുടരാൻ ശ്രമിച്ചെങ്കിലും പ്രതികൾ രക്ഷപ്പെടുകയായിരുന്നെന്ന് സൈബരാബാദ് പൊലീസ് കമ്മീഷ്ണര്‍ എം രമേഷ് പറഞ്ഞു. 

തുടര്‍ന്ന് പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്ട പരിശോധിക്കുകയും പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തതോടെയാണ് പ്രതികളെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. കുട്ടികളുണ്ടാകാതിരുന്ന റഹനുമ അലി എന്നയാള്‍ക്കാണ് സംഘം കുട്ടിയെ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റതെന്ന് പൊലീസ് കണ്ടെത്തി. തനിക്കൊരു കുട്ടിയെ വേണമെന്ന കൊൽക്കത്ത സ്വദേശി റഹനുമ അലിയുടെ ആവശ്യപ്രകാരമാണ് ഇയാളുടെ ബന്ധു തട്ടിപ്പ് സംഘവുമായി ഇടപാട് ഉറപ്പിച്ചത്. ഈ ബന്ധുവിന്‍റെ ആവശ്യപ്രകാരം തട്ടിപ്പ് സംഘത്തിലെ രണ്ടുപേര്‍ സമീപത്ത് കടത്താന്‍ സാധിക്കുന്ന കൊച്ചുകുട്ടിയെ കണ്ടെത്തുകയായിരുന്നു. 

റെയില്‍വേ സ്റ്റേഷന് സമീപം അമ്മയ്ക്കരികില്‍ കിടന്നുറങ്ങുന്ന കുട്ടിയെ ഉന്നംവച്ച് ഇവര്‍ പുലര്‍ച്ചെ വന്ന് കടത്തിക്കൊണ്ടുപോകുകയായിരുന്നെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ശേഷം പ്രതികൾ ഹൈദരാബാദിലെ ഒരു വീട്ടിൽ താമസിപ്പിക്കുകയും വാങ്ങാൻ തയ്യാറായ ആളെ വിവരമറിയിക്കുകയും ചെയ്തു. കുഞ്ഞിനെ ഏറ്റുവാങ്ങാനായി ജൂലൈ 1ന് റഹനുമ അലി കൊൽക്കത്തയിൽ നിന്ന് വിമാനമാർഗ്ഗം ഹൈദരാബാദിലെത്തി. തുടര്‍ന്ന് ഇടനിലക്കാരനായ ബന്ധുവഴി ഒന്നര ലക്ഷം രൂപ തട്ടിപ്പ് സംഘത്തിന് ഓൺലൈൻ വഴി കൈമാറിയതായും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. അതേസമയം കുഞ്ഞിനെ ഹൈദരാബാദിന് പുറത്തേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് തന്നെ പൊലീസ് അഞ്ച് പ്രതികളെയും കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തി. കുഞ്ഞിനെ രക്ഷപ്പെടുത്തി അമ്മയ്ക്ക് കൈമാറുകയും ചെയ്തു.

 

 

ENGLISH SUMMARY:

A baby kidnapping and trafficking ring operating in Hyderabad has been apprehended by the police. The gang targeted a one-month-old infant sleeping next to its mother and attempted to sell it for Rs 1.5 lakh.