china-ferrari

Image Credit : Twitter

കോടികള്‍ വിലയുളള ആഡംബരക്കാറിന് കേടുപാട് വരുത്തിയ കുട്ടികളുടെ മാതാപിതാക്കളെ കോടതി കയറ്റി കാറുടമ. ചൈനയിലാണ് സംഭവം. ബിസിനസ് ആവശ്യങ്ങൾക്കായുള്ള യാത്ര കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് തന്‍റെ സൂപ്പർകാറിനെ കുട്ടികള്‍ ഒരു കളിസ്ഥലമാക്കിയ വിവരം ഉടമ അറിയുന്നത്. അയൽപക്കത്തുള്ള 10 വയസിൽ താഴെയുള്ള നാല് കുട്ടികളാണ് കാറിന് കേടുപാടുകൾ വരുത്തിയത്. ഏകദേശം 3.6 ദശലക്ഷം യുവാൻ (ഏകദേശം 5.30 കോടി രൂപ) വിലമതിക്കുന്ന ചുവന്ന ഫെരാരി 488 ജിടിബിക്കാണ് സാരമായ കേടുപാട് സംഭവിച്ചത്. വീട്ടിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇതിന് പിന്നില്‍ കുട്ടികളാണെന്ന് ഉടമ തിരിച്ചറിഞ്ഞത്.

ചൈനയുടെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ യുനാനിലെ കുൻമിംഗ് നഗരത്തിൽ സംഭവം. കാറിന് മുകളില്‍ കയറി ചാടിക്കളിക്കുന്നതും കുട്ടികള്‍ ഊര്‍ന്നിറങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം. കൂടാതെ മുളവടി കൊണ്ട് തല്ലിയും കുത്തിയും കോറിയുമെല്ലാം കാറിന് കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. കാറിന്റെ ഹുഡ്, റൂഫ്, ഫെൻഡറുകൾ, ടെയിൽ ലൈറ്റുകൾ, വിൻഡോകൾ എന്നിവയുൾപ്പെടെ ബോഡിയിലുടനീളം ആഴത്തിലുള്ള പോറലുകൾ വീണതായി ഉടമ കണ്ടെത്തി. മുൻ ബമ്പറിൽ വിള്ളലുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ഈ നാശനഷ്ടങ്ങൾ പരിഹരിക്കാൻ 1,00,000 യുവാൻ (ഏകദേശം 11.6 ലക്ഷം രൂപ) ചെലവ് വരുമെന്നാണ് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

റിപ്പയറിംഗ് ചാർജ് എത്രയാകുമെന്ന് കൃത്യമായി മനസിലാക്കിയ ശേഷം, കാർ ഉടമ പൊലീസിനെ സമീപിക്കുകയും കുട്ടികളുടെ രക്ഷിതാക്കളുമായി രണ്ട് ഘട്ടങ്ങളിലായി ചർച്ചകൾ നടത്തുകയും ചെയ്തു. എന്നാല്‍ കേവലം 5,000 യുവാൻ (ഏകദേശം 58,000 രൂപ) മാത്രമാണ് നഷ്ടപരിഹാരമായി നൽകാൻ രക്ഷിതാക്കൾ തയ്യാറായത്. കൂടാതെ കുട്ടികളെക്കൊണ്ട് മാപ്പ് പറയിക്കാൻ പോലും അവർ കൂട്ടാക്കിയില്ലെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്ന് മുഴുവൻ തുകയും ഈടാക്കുന്നതിനായി കാറുടമ ഒരു സിവിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. 

ENGLISH SUMMARY:

Luxury car damage lawsuit is a primary focus as parents are being sued by a car owner after children damaged their expensive vehicle. The incident, which occurred in China, highlights the legal ramifications of property damage caused by minors.