ഫയല്‍ ചിത്രം
ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ നിർമ്മാണത്തിലിരിക്കുന്ന സിൽക്യാര തുരങ്കത്തിൽ കോൺക്രീറ്റ് പാളി തകർന്നുവീണ് തൊഴിലാളി മരിച്ചു. വെള്ളിയാഴ്ച പുലർച്ചെയോടെയായിരുന്നു അപകടം. ജാർഖണ്ഡ് സ്വദേശിയായ 21 വയസ്സുകാരനാണ് മരിച്ചത്. യുവാവിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, വെള്ളിയാഴ്ച പുലർച്ചെ 2 മണിയോടെ തുരങ്കത്തിന്റെ ബാർകോട്ട് ഭാഗത്തുനിന്ന് ഉള്ളിലേക്ക് ഏകദേശം 900 മീറ്റർ മാറിയാണ് അപകടമുണ്ടായത്. തുരങ്കത്തിന്റെ ഉള്ളിൽ കോൺക്രീറ്റ് ലൈനിങിന്റെ ഒരു ഭാഗം തകർന്നുവീഴുകയായിരുന്നുവെന്ന് ഉത്തരകാശി ജില്ലാ മജിസ്‌ട്രേറ്റ് പ്രശാന്ത് ആര്യ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. തകർന്നുവീണ കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയാണ് യുവാവ് മരണപ്പെട്ടത്. സംഭവത്തില്‍ നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണ ശേഷം മാത്രമേ അപകടത്തിന്റെ യഥാർഥ കാരണവും മറ്റ് വിവരങ്ങളും വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.
കേന്ദ്ര സർക്കാരിന്റെ ചാർ ധാം പദ്ധതിയുടെ ഭാഗമായാണ് 4.5 കിലോമീറ്റർ നീളമുള്ള തുരങ്കം നിർമ്മിക്കുന്നത്. മുൻപ് ഇതേ തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് 41 തൊഴിലാളികൾ 17 ദിവസത്തോളം ഉള്ളിൽ കുടുങ്ങിയത് വലിയ വാർത്തയായിരുന്നു. വിവിധ സർക്കാർ ഏജൻസികൾ സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് അന്ന് തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിച്ചത്. വീണ്ടും തുരങ്കത്തിനുള്ളിൽ അപകടമുണ്ടായത് ആശങ്കയ്ക്കും കാരണമായിട്ടുണ്ട്.