Image Credit : Twitter

വിവാഹം വ്യത്യസ്തമാക്കാന്‍ വിദേശരാജ്യങ്ങളും ബീച്ചുകളും താഴ്​വരകളുമെല്ലാം തിരഞ്ഞെടുക്കുന്നവര്‍ നിരവധിയാണ്. ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങുകള്‍ ഒരു ട്രെന്‍ഡായി മാറുന്ന ഈ കാലത്ത് അതിനെയും കടത്തിവെട്ടിയിരിക്കുകയാണ് ഉത്തരാഖണ്ഢിലെ ദമ്പതികള്‍. വിവാഹം തികച്ചും വ്യത്യസ്തമാക്കാന്‍ ഇരുവരും തിരഞ്ഞെടുത്തത് ശ്മശാനമാണ്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഇരുവരും ശ്മശാനത്തില്‍ വച്ച് വിവാഹിതരായി. വിവാഹത്തിന്‍റെ ചിത്രങ്ങളും വിഡിയോകളും സൈബറിടത്ത് ശ്രദ്ധനേടിയതിന് പിന്നാലെ നവദമ്പതികള്‍ക്കും കുടുംബത്തിനും നേരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

ഉത്തരാഖണ്ഡിലെ അൽമോറയിലുളള മാർച്ചുല എന്ന സ്ഥലത്താണ് ശ്മശാനം സ്ഥിതി ചെയ്യുന്നത്. രാംഗംഗ, ബദൻഗഢ് നദികൾ സംഗമിക്കുന്ന സ്ഥലം കൂടിയാണ് മാർച്ചുല. ശ്മശാനത്തിന്‍റെ ഒത്തനടുവിലായാണ് വിവാഹമണ്ഡപം ഒരുക്കിയത്. ഗാസിയാബാദിൽ നിന്നുള്ള യുവാവും യുവതിയുമായിരുന്നു വധൂവരന്മാര്‍. മാലയിടല്‍ ചടങ്ങ് മുതല്‍ എല്ലാ ചടങ്ങുകളും ഈ മണ്ഡപത്തില്‍ വച്ച് തന്നെയാണ് കുടുംബം നടത്തിയത്. 

വിവാഹത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായതോടെ നവദമ്പതികള്‍ക്കെതിരെയും കുടുംബത്തിനെതിരെയും വ്യാപക വിമര്‍ശനമുയര്‍ന്നു. മതവിശ്വാസങ്ങളെയും ആചാരങ്ങളെയും അപമാനിക്കുന്നതിന് തുല്യമാണ് ഇത്തരമൊരു വിവാഹമെന്ന് സോഷ്യല്‍ലോകം പറയുന്നു. സാമൂഹികവും മതപരവുമായ നിയമങ്ങളുടെ ലംഘനമാണ് ഈ വിവാഹമെന്നും കമന്‍റുകളുണ്ട്. മൃതദേഹങ്ങൾ സംസ്കരിക്കുന്ന ഒരിടത്ത് ഇങ്ങനെയൊരു ആഘോഷം നടത്തിയത് അംഗീകരിക്കാനാവില്ലെന്ന് നാട്ടുകാരില്‍ ചിലരും അഭിപ്രായപ്പെട്ടു. നവദമ്പതികള്‍ക്കെതിരെയും കുടുംബത്തിനെതിരെയും കടുത്ത നടപടി സ്വീകരിക്കണമെന്നാണ് വിമര്‍ശകരുടെ ആവശ്യം. അതേസമയം ശ്മശാനത്തിൽ അനുമതിയില്ലാതെ പരിപാടി നടത്തിയത് നിയമലംഘനമാണെന്നും മുന്‍കൂറായി അനുമതി വാങ്ങണമായിരുന്നെന്നും തഹസിൽദാർ ആബിദ് അലിയും വ്യക്തമാക്കി. വിഷയം ഗൗരവമായി എടുത്ത അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

A couple in Uttarakhand chose a graveyard for their wedding, opting for a unique and unconventional ceremony that has sparked significant controversy. This unusual wedding has drawn criticism online and from local communities for being disrespectful to religious beliefs and traditions.