si

ആറ് വയസുള്ള കൊച്ചുമകളെ തിരക്കേറിയ റോഡിൽ കാർ ഓടിക്കാൻ അനുവദിച്ച്  പൊലീസ് ഉദ്യോഗസ്ഥന്‍. തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ പൊലീസ് സബ് ഇൻസ്പെക്ടർക്കെതിരെയാണ് പൊലീസ് തന്നെ കേസെടുത്തു. കാർ ഓടിക്കുന്ന ആറ് വായസുകാരിയോടൊപ്പം മുൻ സീറ്റിലിരുന്ന പൊലീസുകാരന്‍റെ  വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. 

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡ്രൈവർ എന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കോർഡ് നേടാൻ കൊച്ചുമകളെ പരിശീലിപ്പിക്കുക ആയിരുന്നുവെന്നാണ് ഉദ്യോഗസ്ഥൻ പ്രതികരിച്ചത്. കണ്ടുനിന്നവർ ചോദ്യം ചെയ്തപ്പോൾ "അത് എന്‍റെ ഇഷ്ടമാണ്. എന്നെ ചോദ്യം ചെയ്യാൻ നീ ആരാണ്?" എന്ന് ഉദ്യോഗസ്ഥൻ ചോദിച്ചതായും ദൃക്‌സാക്ഷികൾ പറഞ്ഞു. ഓട്ടോമാറ്റിക് കാർ ആയതിനാലാണ് വാഹനത്തിന്റെ നിയന്ത്രണം തന്റെ കൈയിലായതെന്ന് ഉദ്യോഗസ്ഥൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്. 

തിരക്കേറിയ റോഡിലൂടെയുള്ള കുട്ടിയുടെ ഡ്രൈവിംഗ് ഗതാഗതക്കുരുക്കിനും വാഹനങ്ങളുടെ നീണ്ട നിരയ്ക്കും കാരണമായെന്നും നാട്ടുകാർ പറഞ്ഞു. വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് ഒട്ടേറെപ്പേര്‍ രംഗത്തെത്തി.ട്രാഫിക് നിയമങ്ങൾ സേനാംഗങ്ങൾ ഉൾപ്പെടെ എല്ലാവർക്കും ഒരുപോലെ ബാധകമാക്കണമെന്ന് നിരവധിപ്പേർ പ്രതികരിച്ചു. 

കുട്ടിക്ക് മാത്രമല്ല, ആ സമയം ആ തിരക്കേറിയ ഈ റോഡിലൂടെ സഞ്ചരിക്കുന്ന മറ്റ് വാഹനമോടിക്കുന്നവർക്കും കാൽനടയാത്രക്കാർക്കും ഉണ്ടാകുന്ന അപകടത്തെക്കുറിച്ചും പലരും ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് നർസിംഗി പൊലീസ് ഉദ്യോഗസ്ഥനെതിരെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 125 പ്രകാരവും മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 180, 184 പ്രകാരവും കേസ് രജിസ്റ്റർ ചെയ്തത്. ജീവൻ അപകടത്തിലാക്കുന്നതിനും അനധികൃതമായി വാഹനമോടിക്കാൻ അനുവദിക്കുന്നതിനും എതിരേയുള്ളതാണ് ഈ വകുപ്പുകൾ.  സബ് ഇൻസ്പെക്ടറെ സസ്‌പെൻഡ് ചെയ്യാനും തീരുമാനം ആയിട്ടുണ്ട്.

 

 

ENGLISH SUMMARY:

A six-year-old girl was seen driving a car on a busy road in Telangana, leading to a police case against a police officer. The officer claimed he was training his granddaughter for a Guinness World Record, but the incident sparked widespread outrage and calls for strict enforcement of traffic laws.