അതിഭീകരമായ ഒരു വധശ്രമത്തിന്‍റെ വിഡിയോ ആണ് ചണ്ഡീഗഡില്‍ നിന്ന് പുറത്തുവരുന്നത്. ആഢംബര കാര്‍ കൊണ്ട് രണ്ട് യുവാക്കളെ ക്രൂരമായി കൊലചെയ്യാന്‍ ശ്രമിക്കുന്ന ഒരു വിഡിയോ ആണിത്. ചണ്ഡീഗഡ്, സെക്ടര്‍ 26ലെ നൈറ്റ് ക്ലബിന് പുറത്താണ് ഞെട്ടിക്കുന്ന സംഭവമരങ്ങേറിയത്. സംഭവത്തിന്‍റെ വിഡിയോ വന്‍തോതില്‍ പ്രചരിച്ചിരുന്നെങ്കിലും വാഹനത്തിന് നമ്പര്‍ പ്ലേറ്റ് ഇല്ലാതിരുന്നതിനാല്‍ പ്രതികളെ പിടികൂടാനായിരുന്നില്ല. പിന്നീട് പരുക്കേറ്റവരെ ചോദ്യം ചെയ്തതില്‍ നിന്ന് പ്രതികളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഫരീദാബാദ് സ്വദേശിയായ അഖില്‍ (21) പഞ്ച്കുലയില്‍ പഠനത്തിന്‍റെ ആവശ്യവുമായി താമസിച്ച് വരികയായിരുന്നു. ഇതിനിടെ തന്‍റെ സുഹൃത്തുക്കള്‍ക്കൊപ്പം സെക്ടര്‍ 26ലെ ക്ലബില്‍ നിശാപാര്‍ട്ടിക്കെത്തിയതായിരുന്നു ഇയാള്‍. ഇവരുടെ കൂട്ടത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളുമുണ്ടായിരുന്നു. പാര്‍ട്ടി കഴിഞ്ഞ് പുറത്തിറങ്ങവെ അഖിലും കൂട്ടുകാരുമായി മറ്റൊരു സംഘം പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. എന്നാല്‍ തര്‍ക്കത്തിനൊടുവില്‍ അഖിലും കൂട്ടുകാരും തങ്ങളുടെ ആഡംബര കാറുമെടുത്ത് മടങ്ങുകയായിരുന്നു.
എന്നാല്‍ പോകുന്ന വഴി അഖില്‍ തന്‍റെ കാര്‍ നിര്‍ത്തുകയും നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റി തിരിച്ചുവരികയുമായിരുന്നു. തുടര്‍ന്ന് തങ്ങളോടെ കയര്‍ത്ത സംഘത്തെ അഖില്‍ കാറുകൊണ്ട് ഇടിച്ചുവീഴ്ത്തി. പിന്നാലെ റിവേഴ്സ് എടുത്ത് ഇവരെ ചതച്ചരച്ച് കൊല്ലാനും ശ്രമിച്ചു. തുടര്‍ന്ന് വീണ്ടും മുന്നോട്ടെടുത്ത് അതിവേഗത്തില്‍ കുതിച്ച് രക്ഷപ്പെട്ടു.
നമ്പര്‍ പ്ലേറ്റ് അഴിച്ചിരുന്നതിനാല്‍ ആരാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസിന് വിഡിയോ ഉണ്ടായിട്ടും വ്യക്തമായിരുന്നില്ല. എന്നാല്‍ പിന്നീട് പരുക്കേറ്റയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒരു കറുത്ത ആഡംബര കാറാണ് ആക്രമണത്തിന് പിന്നിലെന്ന് മനസിലായി. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും അരമണിക്കൂറിന് മുന്‍പ് ഇതേ കാര്‍ പ്രദേശത്ത് പാര്‍ക്ക് ചെയ്തത് ശ്രദ്ധയില്‍ പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതി അഖില്‍ തന്നെയാണെന്ന് വ്യക്തമായത്.
അപകടത്തില്‍ പരുക്കേറ്റ രണ്ട് യുവാക്കളില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇതിനിടെ അഖിലിനെ പൊലീസ് ജാമ്യത്തില്‍ വിട്ടത് പരക്കെ വിമര്‍ശനമുയര്‍ത്തുന്നുമുണ്ട്.