ഭർത്താവിനും ഭർതൃസഹോദരിക്കുമെതിരെ കുറിപ്പെഴുതി അധ്യാപിക ജീവനൊടുക്കി. ബെംഗളൂരുവിലാണ് സംഭവം. 25കാരിയായ ശ്വേതയുടെ വിവാഹം നാല് മാസങ്ങൾക്ക് മുൻപാണ് കഴിഞ്ഞത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു സ്വകാര്യ സ്കൂളിൽ അധ്യാപികയായി ജോലിചെയ്തിരുന്ന ശ്വേത ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്തത്. വീട്ടുകാർ ഏറെ എതിർത്തെങ്കിലും തന്റെ തീരുമാനവുമായി ശ്വേത മുന്നോട്ട് പോകുകയായിരുന്നു.
എന്നാൽ ഭർതൃഗൃഹത്തിലെത്തിയ ശ്വേതയ്ക്ക് നേരിടേണ്ടി വന്നത് കൊടിയ പീഡനമാണ്. ഒന്നും ചെയ്യാതെയിരിക്കെ തന്നെ ശ്വേതയെ ഭർതൃസഹോദരി പീഡിപ്പിക്കാൻ തുടങ്ങി. ഈ വിവരം ഭർത്താവിനെ അറിയിച്ചെങ്കിലും പ്രതികരണം ശ്വേതയ്ക്ക് അനുകൂലമായിരുന്നില്ല. സഹോദരിക്കൊപ്പം ചേർന്ന് ശ്വേതയെ കുറ്റപ്പെടുത്തുകയാണ് ഭർത്താവ് ചെയ്തതെന്ന് ശ്വേത ആത്മഹത്യാക്കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
തുടർന്ന് തനിക്ക് ഒരു തെറ്റുപറ്റിയെന്നും, അവരെ വെറുതെ വിടരുതെന്നും ശ്വേത കുറിച്ചു. സീലിങ് ഫാനിൽ തൂങ്ങിയാണ് ശ്വേത ജീവനൊടുക്കിയത്.
സംഭവത്തിൽ ശ്വേതയുടെ ഭർത്താവിനും ഭർതൃസഹോദരിക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ശ്വേത ക്രൂരമായ ഗാർഹിക പീഡനത്തിനിരയായെന്നും പൊലീസ് വിലയിരുത്തിയിട്ടുണ്ട്.