.

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാ തട്ടിപ്പിന് പിന്നാലെ, ഉത്തരാഖണ്ഡിലെ ബദരിനാഥ് ക്ഷേത്രത്തിലും സാമ്പത്തിക ക്രമക്കേട് ആരോപണം. കാണിക്കയും വഴിപാട് പണവും അപഹരിച്ചെന്ന ആരോപണത്തിൽ ക്ഷേത്ര സമിതി അന്വേഷണം പ്രഖ്യാപിച്ചു. കുറ്റം തെളിഞ്ഞാൽ ആരെയും വെറുതെ വിടില്ലെന്ന് ക്ഷേത്ര ചെയർമാൻ ഹേമന്ത് ദ്വിവേദി പറഞ്ഞു. 

 

ദേവഭൂമിയായ ഉത്തരാഖണ്ഡിലെ ചാർധാം യാത്രയിലുൾപ്പെടുന്ന പ്രധാന ക്ഷേത്രമായ ബദരിനാഥിലാണ് ക്രമക്കേട് ആരോപണം ഉയർന്നിരിക്കുന്നത്. അയോധ്യ ശ്രീരാമക്ഷേത്രത്തിലേതുപോലെ, കാണിക്കയും വഴിപാട് പണവും അപഹരിച്ചെന്നാണ് ആരോപണം. സമൂഹമാധ്യമങ്ങളിലൂടെ ഉയർന്ന ആരോപണങ്ങൾ പരിഗണിച്ച് ബദരിനാഥ് - കേദാർനാഥ് ക്ഷേത്ര സമിതി അന്വേഷണസമിതി രൂപീകരിച്ചു. ഭൈരവ്‌ സേന എന്ന സംഘടനയും ആരോപണം ഏറ്റെടുത്തിട്ടുണ്ട്. സർക്കാർ കർശന നടപടി എടുക്കണമെന്ന് അഖില ഭാരതീയ സന്ത് സമിതിയുടെ ദേശീയ അധ്യക്ഷൻ സ്വാമി ഗോപാലാചാര്യ പറഞ്ഞു. 

 

സിസി ടിവി ദൃശ്യങ്ങൾ, ലഭ്യമായ തെളിവുകൾ, മൊഴികൾ എന്നിവയുടെ അടിസ്ഥാനത്തിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ട് പരസ്യമാക്കുമെന്നും ക്ഷേത്ര സമിതി അറിയിച്ചു. ജീവനക്കാർക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. അന്വേഷണം പൂർത്തിയാകുന്നതിന് മുൻപ് സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും ക്ഷേത്രസമിതി അഭ്യർഥിച്ചു. സംസ്ഥാന സർക്കാരിന് ക്ഷേത്ര ഭരണത്തിൽ പങ്കാളിത്തമുണ്ട്. 

ENGLISH SUMMARY:

The Badrinath-Kedarnath Temple Committee has launched an investigation into allegations of financial irregularities involving donation and offering funds at the Badrinath Temple in Uttarakhand. The probe comes in the wake of similar allegations linked to the Ayodhya Ram Temple. Officials say CCTV footage, evidence, and witness statements will be examined before a report is made public, while urging people not to spread unverified information.