അയോധ്യ ക്ഷേത്രത്തിലെ സംഭാവന തട്ടിപ്പില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പ്രതികൾ നോട്ടുകെട്ടുകള്‍ കടത്തുന്നതിന് തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചു. വസ്ത്രങ്ങളിലും സോക്സിലും ഒളിപ്പിച്ച് കടത്തി പണം എണ്ണുന്ന അഞ്ച് ജീവനക്കാരും ദൃശ്യങ്ങളില്‍. പിൽഗ്രിം ഫെസിലിറ്റി സെന്ററിൽനിന്നുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്.

 

അതിനിടെ പണം എണ്ണാന്‍ ആളുകളെ നല്‍കിയിട്ടില്ലെന്ന് ബാങ്കിന് താല്‍ക്കാലിക ജീവനക്കാരെ നല്‍കിയ ഏജന്‍സി വ്യക്തമാക്കുന്നു. ജീവനക്കാരെ നല്‍കിയത് ശുചീകരണത്തിനാണെന്നും ബാങ്കോ ട്രസ്റ്റോ അവരെ പണം എണ്ണാന്‍ നിയോഗിച്ചിരിക്കാം എന്നും ഏജന്‍സി. 

 

സംഭാവനക്കൊള്ള കേസിൽ അയോധ്യ രാമക്ഷേത്രത്തിൽ വീണ്ടും പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം. ഇന്നലെ രാത്രിയാണ് അന്വേഷണ ഉദ്യോഗസ്ഥർ ക്ഷേത്രത്തിൽ പരിശോധനയ്ക്കെത്തിയത്.കേസിൽ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിലെ വിവരങ്ങളുടെകൂടി അടിസ്ഥാനത്തിലാണ് പരിശോധന. ട്രസ്റ്റുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയടക്കം ഇന്ന് ചോദ്യം ചെയ്തേക്കും. ''താൻ വിശ്വസിച്ചവർ തന്നെ വഞ്ചിച്ചു" എന്ന് ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച ചമ്പത് റായ് അനുയായികളോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്.

 

അതേസമയം, പ്രതി ലവ്കുഷ് മിശ്ര സംഭാവനയിൽനിന്ന് വെട്ടിച്ച പണംകൊണ്ട് നിർമിക്കുന്ന വീട് അനധികൃത നിർമ്മാണമെന്നാരോപിച്ച് അയോധ്യ വികസന അതോറിറ്റി നോട്ടീസ് നൽകി. വീട് ബൂൾഡോസർ ഉപയോഗിച്ച് പൊളിക്കുമെന്ന് അഭ്യൂഹമുണ്ട്. എന്നാൽ നോട്ടീസ്  ലഭിച്ചിട്ടില്ലെന്ന് ലവ്കുഷ് മിശ്രയുടെ ഭാര്യ പറഞ്ഞു.

 

ENGLISH SUMMARY:

Fresh evidence has surfaced in the Ayodhya temple donation scam, with CCTV footage allegedly showing employees hiding bundles of cash inside their clothes and socks. The Special Investigation Team has intensified its probe with fresh inspections and questioning of temple trust officials. Meanwhile, the Ayodhya Development Authority has issued a notice over a house allegedly built using misappropriated donation funds.