ഹരിയാന അമ്പാലയിലെ ധനൗര ഗ്രാമത്തില്‍ നാലു വയസ്സുകാരൻ കുഴൽക്കിണറിൽ വീണു. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പാടത്തെ കുഴല്‍കിണറില്‍ വീഴുകയായിരുന്നു. 220 അടി താഴ്ചയും ഒമ്പത് ഇഞ്ച് വ്യാസവുമുള്ള കിണറാണിലാണ് കുട്ടി അകപ്പെട്ടത്. പൊലീസ്, അഗ്നിരക്ഷ സേന, ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ ഏജൻസികൾ, സൈന്യം എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
രാവിലെ 6:30ന് മുത്തച്ഛനായ കർണൈൽ സിംഗിന് പ്രഭാതഭക്ഷണം നൽകുന്നതിനായി അച്ഛൻ മൻജീത് സിംഗിനൊപ്പം പാടത്തെത്തിയതായിരുന്നു കുഞ്ഞു നിർഭയ്. കർണൈൽ സിംഗ് ഭക്ഷണം കഴിക്കാനും മൻജീത് സിംഗ് പാടത്തെ ജോലികൾ ചെയ്യാനും തുടങ്ങിയപ്പോള്‍ സമീപത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു നിര്‍ഭയ്. കളിക്കിടയിലാണ് സമീപത്ത് തുറന്നു കിടക്കുന്ന കുഴല്‍ കിണര്‍ കണ്ടത്. അതിനകത്തേക്ക് മൺകട്ടകൾ എറിഞ്ഞായി പിന്നീടുള്ള കളി. മണ്‍കട്ടകള്‍ വെള്ളത്തിലേക്ക് വീണുതുടങ്ങിയപ്പോള്‍ ഉയര്‍ന്ന ശബ്ദം നിര്‍ഭയില്‍ കൗതുകമുണ്ടാക്കി. കുഴൽക്കിണറിന് സമീപത്തേക്ക് പോയ നിര്‍ഭയ് നനവുള്ള വക്കിൽ നിന്ന് കാൽവഴുതി ഉള്ളിലേക്ക് വീഴുകയായിരുന്നു.
220 അടി താഴ്ചയും ഒമ്പത് ഇഞ്ച് വ്യാസവുമുള്ള കിണറാണിത്. കുട്ടി വീഴുന്ന ശബ്ദം കേട്ടയുടനെ മുത്തച്ഛനും അച്ഛനും മറ്റ് ഗ്രാമവാസികളും ചേർന്ന് കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് രാവിലെ 7:30 ഓടെ ഇവർ പോലീസിന്റെ 112 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിൽ വിവരമറിയിച്ചു. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി. പിന്നീട് ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ ഏജൻസികൾ, സൈന്യം എന്നിവർ സ്ഥലത്തെത്തുകയും വൻ സന്നാഹങ്ങളോടെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. കുഴൽക്കിണറിനുള്ളിലേക്ക് ക്യാമറ ഇറക്കി കുട്ടിയുടെ ചലനങ്ങൾ നിരീക്ഷിച്ചുവരികയാണ്. കുട്ടിക്ക് ആവശ്യമായ ഓക്സിജൻ എത്തിക്കാനുള്ള സജ്ജീകരണങ്ങളും മെഡിക്കൽ സംഘത്തെയും പ്രദേശത്ത് ഒരുക്കിയിട്ടുണ്ട്. സമാന്തരമായി കുഴി എടുക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്
കുഴൽക്കിണർ തുറന്നിട്ട വ്യക്തിയുടെ അനാസ്ഥയ്ക്കെതിരെ കർശന നടപടിയെടുക്കാൻ ഡെപ്യൂട്ടി കമ്മീഷണർ പോലീസിന് നിർദ്ദേശം നൽകി. കുഴൽക്കിണറുകൾ ഉള്ള എല്ലാ കർഷകരും അവ കൃത്യമായി മൂടിവെക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഉത്തരേന്ത്യയില്‍ തുറന്ന കുഴല്‍ കിണറുകള്‍ കൃത്യമായി മൂടിവക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. സമാനമായ രീതിയില്‍ കുഞ്ഞുങ്ങള്‍ വീഴുന്ന സാഹചര്യം ആവര്‍ത്തിച്ചപ്പോഴായിരുന്നു നിര്‍ദേശം നല്‍കിയത്.