arunachal

TOPICS COVERED

അരുണാചൽ പ്രദേശിലെ മിന്നൽപ്രളയത്തിൽ മരണം മൂന്നായി. പപും പാരെ ജില്ലയിൽ നിന്നാണ് മൂന്നാമത്തെ മൃതദേഹം കണ്ടെടുത്തത്. അസമിലെ ആറ് ജില്ലകളിലും പ്രളയക്കെടുതി രൂക്ഷമാണ്. ഹിമാചലിലും മിന്നല്‍ പ്രളയവും മലവെള്ളപ്പാച്ചിലും തുടരുകയാണ്. 

ദുരിതകയത്തിലാണ് അരുണാചലിലെ 12 ജില്ലകള്‍. മരണ സംഖ്യ ഉയരാനാണ് സാധ്യത. കെയ് പന്യോർ ജില്ലയിൽ കാണാതായ രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്. കെയ് പന്യോർ, ലോവർ സുബാൻസിരി ജില്ലകളിലാണ് മിന്നൽപ്രളയവും വൻ ഉരുൾപൊട്ടലുമുണ്ടായത്. ലെദമിൽ 10 വീടുകളിൽ വെള്ളം കയറി.

സിസിരി നദിയിൽ കുടുങ്ങിയ നാലുപേരെ വ്യോമസേന ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷപ്പെടുത്തി. അസമിലെ ആറ് ജില്ലകളിലെ  ഇരുപതിനായിരത്തിലധികം ആളുകളെ പ്രളയം ബാധിച്ചു.  ധേമാജി ജില്ലയിൽ റെയിൽവേ പാലം തകർന്നു. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിച്ചു. കേന്ദ്ര സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും വാഹ്ദാനം ചെയ്തു.

ഹിമാചലിലെ ജഹാൽമ നാലായിലുണ്ടായ മലവെള്ളപ്പാച്ചിലിൽ റോഡ് തകർന്നതോടെ 14 പഞ്ചായത്തുകൾ ഒറ്റപ്പെട്ടു. ലാഹോൾ-സ്പിതിയിൽ മഞ്ഞുരുകിയുണ്ടായ മിന്നൽപ്രളയത്തെത്തുടർന്ന് അടച്ച മണാലി-ലേ ദേശീയപാത തുറന്നിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തേക്ക്  ഓറഞ്ച് അലർട്ട്  പ്രഖ്യാപിച്ചു.

ENGLISH SUMMARY:

Arunachal Pradesh flood death toll rises to three as the third body was recovered in the Papum Pare district, with more casualties feared. Simultaneously, Assam faces severe flood conditions across six districts, and Himachal Pradesh is grappling with flash floods and landslides.