pak

TOPICS COVERED

ഒമാനിലെ ബർകയിലുണ്ടായ വെള്ളപ്പൊക്കത്തിൽ രണ്ട് ഇന്ത്യക്കാരെ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷിച്ച് പാക്കിസ്ഥാനി യുവാവ്. കാർ ഒഴുക്കിൽപ്പെട്ടതോടെ അപകടത്തിലായ ഇന്ത്യക്കരെ വെള്ളത്തിലേക്ക് എടുത്തുചാടി രക്ഷിച്ചത് ഷെഹ്‌സാദ് ഖാൻ എന്ന പ്രവാസിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഞായറാഴ്ച വൈകുന്നേരം നാലുമണിക്കാണ് സംഭവം. കനത്ത മഴയെത്തുടർന്ന് നിറഞ്ഞൊഴുകിയിരുന്ന റോഡിലാണ് കാർ ഒഴുക്കിൽപ്പെട്ടത്. പകുതിയോളം മുങ്ങിയ കാറിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താനായിരുന്നു കരയിൽ നിന്നിരുന്ന പലരും തിരക്ക് കൂട്ടിയത്. ആ സമയം  ഷെഹ്‌സാദ് ഖാൻ വെള്ളത്തിലേക്ക് എടുത്തുചാടി. കാറിന് മുകളിൽ കയറിപ്പറ്റിയ യുവാവ് ആദ്യം കാലുകൊണ്ട് കാറിന്‍റെ ചില്ല് തകർക്കാൻ ശ്രമിച്ചു. അത് പരാജയപ്പെട്ടപ്പോൾ കല്ലുകൾ ഉപയോഗിച്ച് ചില്ല് തകർത്തു. 

നിമിഷങ്ങൾക്കകം ജീവനുവേണ്ടി പിടഞ്ഞിരുന്ന രണ്ട് ഇന്ത്യക്കാരെയും സുരക്ഷിതമായി ഷെഹ്‌സാദ് പുറത്തെത്തിച്ചു. ഷെഹ്സാദിന്റെ ധീരമായ രക്ഷാപ്രവർത്തനം സോഷ്യൽ മീഡിയയിൽ വൈറലായി. 'ആ സമയത്ത് ഞാൻ അവരുടെ രാജ്യമോ മതമോ ചിന്തിച്ചില്ല. അപകടത്തിൽപ്പെട്ട മനുഷ്യരെ മാത്രമാണ് കണ്ടത്' - ഷെഹ്‌സാദ് ഖാൻ പറഞ്ഞു.

പാക്കിസ്ഥാനിലെ പെഷവാറിൽ നിന്നുള്ള 25 വയസുകാരനാണ് ഷെഹ്‌സാദ് ഖാൻ. ഷെഹ്സാദിനെ പാക്കിസ്ഥാൻ സോഷ്യൽ ക്ലബും വിവിധ പ്രവാസി സംഘടനകളും അഭിനന്ദിച്ചു. പാക്കിസ്ഥാൻ എംബസിയും കമ്മ്യൂണിറ്റിയും ചേർന്ന് ഷെഹ്സാദിന് ആദരം നൽകാനും തീരുമാനിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Oman flood rescue efforts saw a Pakistani youth, Shehzad Khan, bravely save two Indian expats whose car was swept away in Barka. His courageous act, prioritizing human life over nationality or religion, has gone viral on social media and earned him widespread praise.