Image: X,@ndtv
അമ്മായിയമ്മയുടെ പീഡനം സഹിക്കാനാവാതെ 24കാരി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി. ഡല്‍ഹി നങ്ക്‌ലോയ് മേഖലയിലാണ് സംഭവം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഭര്‍തൃവീട്ടിലെ ഫാനില്‍ ടിനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവസ്ഥലത്തുനിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. അതേസമയം യുവതിയുടെ മൊബൈല്‍ ഫോണില്‍ നിന്നും മൂന്ന് മിനിറ്റുള്ള ഒരു വിഡിയോ പൊലീസ് കണ്ടെടുത്തു. താന്‍ ഭര്‍തൃവീട്ടില്‍ അനുഭവച്ച പീഡനങ്ങള്‍ പറഞ്ഞും മാതാപിതാക്കളോട് യാത്ര ചോദിച്ചുമാണ് ഈ വിഡിയോ അവസാനിക്കുന്നത്. അതേസമയം തന്‍റെ മരണവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളോ പ്രശ്നങ്ങളോ ഒന്നും വേണ്ടെന്നും, ഒന്നരവയസുകാരിയായ മകളെ സംരക്ഷിക്കണമെന്നും ടിന മാതാപിതാക്കളോട് ആവശ്യപ്പെടുന്നു. കുഞ്ഞിനെ ഭര്‍ത്താവിനോ ഭര്‍തൃവീട്ടുകാര്‍ക്കോ വിട്ടുകൊടുക്കേണ്ടതില്ലെന്നും ടിന വിഡിയോയില്‍ ആവശ്യപ്പെടുന്നു.
രണ്ടരവര്‍ഷം മുന്‍പായിരുന്നു സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരനായ യുവാവുമായി ടിനയുടെ വിവാഹം നടന്നത്. അന്നുമുതല്‍ ഭര്‍ത്താവും അമ്മായിയമ്മയും പീഡിപ്പിക്കുകയാണെന്ന് ടിന പറയുന്നു. താന്‍ ചെറിയൊരു കുടുംബമാണ് ആഗ്രഹിച്ചതെന്നും ഒരു ബ്ലാക്ക് മാജികും നടത്തിയിട്ടില്ലെന്നും വിഡിയോയില്‍ ടിന കരഞ്ഞുപറയുന്നുണ്ട്.
ഭര്‍ത്താവിന്‍റെ മാനസികനിലയില്‍ തകരാറുണ്ടെന്നും ഇനി അയാളുടെ കൂടെ ജീവിക്കുക സാധ്യമല്ലെന്നും ടിന പറയുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.