പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് സ്ലീപ്പര്‍ സെല്ലുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ജയ്പൂരില്‍ യുവതി എടിഎസിന്റെ പിടിയിലായി. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രാജസ്ഥാന്‍ ആന്റി ടെററിസം സ്ക്വാഡ് ആണ് ഗംഗാപൂര്‍ സ്വദേശിയായ വീട്ടമ്മയെ കഴിഞ്ഞ ഞായറാഴ്ച അറസ്റ്റ് െചയ്തത്. ഓണ്‍ലൈന്‍ വഴി ഇന്ത്യക്കാരായ യുവതി യുവാക്കളെ ലക്ഷ്യമിട്ടുള്ള വിദേശസംഘടനകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം.
ജയ്പൂരില്‍ താമസിക്കുന്ന ബാബിദ ധാക്കട്, ഖദീജ എന്നീ പേരുകളുള്ള യുവതിയാണ് എടിഎസിന്റെ പിടിയിലായിരിക്കുന്നത്. ഇവരുടെ ഫോണിന്റെ പ്രാഥമിക പരിശോധനയില്‍ തന്നെ നിരവധി ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതായാണ് വിവരം. രണ്ട് സിംകാര്‍ഡുകളും ചില നിരോധിത ഉള്ളടക്കങ്ങളുള്ള ഫെയ്സ്ബുക്ക് അക്കൗണ്ടും കണ്ടെത്തിയിട്ടുണ്ട്. ജയ്ഷെ മുഹമ്മദ് പതാകകളും മുദ്രകളും ആയുധധാരികളായ ആളുകളുടെ ചിത്രങ്ങളും വ്യക്തമാക്കുന്ന നിരവധി അക്കൗണ്ടുകള്‍ ഇവരുടെ ഫ്രണ്ട് ലിസ്റ്റില്‍ കണ്ടെത്തിയിട്ടുണ്ട്. ഖദീജയുടെ വാട്സാപ്പ് അക്കൗണ്ടിൽ നിരവധി പാകിസ്ഥാൻ നമ്പറുകളുമായും വിദേശ നമ്പറുകളുമായും നടത്തിയ സംഭാഷണങ്ങളും പോലീസിനു ലഭിച്ചു.
പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മൗലവിയാണ് ഫോണിലൂടെ മതപരിവര്‍ത്തനത്തിനും പാക് പൗരനുമായുള്ള വിവാഹത്തിനും ബാബിദയെ പ്രേരിപ്പിച്ചതെന്നാണ് വിവരം. അബു ഉബൈദ് എന്നയാള്‍ക്ക് ബാബിദയെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് മൗലവി അറിയിച്ചതായും ഇതിനു മുന്നോടിയായി പ്രാര്‍ത്ഥനകള്‍ നടത്തണമെന്നും ഖുറാന്‍ പാരായണം നടത്തണമെന്നും ആവശ്യപ്പെട്ടെന്ന് എടിഎസ് കണ്ടെത്തി. നേപ്പാൾ, സൗദി അറേബ്യ അല്ലെങ്കിൽ യു.എ.ഇ വഴി ഇവരെ വിദേശത്തേക്ക് കടത്താൻ പദ്ധതിയിട്ടിരുന്നതായും സംശയമുണ്ട്.
മസൂദ് അസ്ഹറിന്റെ അടുത്ത അനുയായികളുമായും ഈ യുവതി ബന്ധം സ്ഥാപിച്ചിരുന്നു. ഇന്ത്യൻ എയർലൈൻസ് വിമാനം (IC-814) ഹൈജാക്ക് ചെയ്ത കേസുമായി ഇവർക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്നും അന്വേഷണ ഏജൻസികൾ പരിശോധിച്ചു വരികയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നും ഈ കേസില്‍ ലഭിച്ച തെളിവുകളെല്ലാം ഡിജിറ്റലാണെന്നും കൂടുതൽ പരിശോധിക്കേണ്ടതുണ്ടെന്നും എടിഎസ് സൂപ്രണ്ട് മനീഷ് ത്രിപാഠി പറഞ്ഞു. ഈ ശൃംഖലയുടെ വ്യാപ്തി കണ്ടെത്തുന്നതിനായി അന്വേഷണ ഏജൻസികൾ ബാബിദയുടെ മൊബൈൽ ഫോണും സോഷ്യൽ മീഡിയ അക്കൗണ്ടുകളും മറ്റ് ഡിജിറ്റൽ തെളിവുകളും വിശദമായി പരിശോധിച്ചു വരികയാണ്.