മുംബൈ–വഡോധര ഹൈവേയില്‍ കാര്‍ ഡിവൈഡറിലിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. പരുക്കേറ്റയാള്‍ അതീവ ഗുരുതരാവസ്ഥയില്‍. ഞായറാഴ്ചയാണ് സംഭവം. അപകടത്തിന് തൊട്ടുമുന്‍പ് കാറിലുണ്ടായിരുന്ന യുവാവ് സ്പീഡോമീറ്ററില്‍ 251 കിലോമീറ്റര്‍ വേഗത റെക്കോഡ് ചെയ്ത് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടിരുന്നു.
യോഗേഷ് നെഗി (24), അന്‍ങഡ് ഗില്‍ (26), റെബേക്ക ജേക്കബ് (24) എന്നിവരാണ് കാറിലുണ്ടായിരുന്നത്. യോഗേഷ് നെഗിയുടെ പിറന്നാളായിരുന്നു ഞായറാഴ്ച. ബര്‍ത്ത്ഡേ പാര്‍ട്ടി ആഘോഷത്തിന് ശേഷം പുലര്‍ച്ചെ മൂന്നിന് മൂവര്‍ സംഘം മടങ്ങവെ ബദ്‍ലാപൂരില്‍ വച്ച് കാറിന്‍റെ നിയന്ത്രണം വിടുകയും ഡിവൈഡറിലിടിച്ച് കാര്‍ പലതവണ മറിയുകയുമായിരുന്നു.
എന്‍ജിനടക്കം കാറിന്‍റെ ഭാഗങ്ങള്‍ റോഡില്‍ ചിതറിത്തെറിച്ചു. അപകടത്തില്‍ യോഗേഷ് നെഗിയും റെബേക്ക ജേക്കബും കൊല്ലപ്പെട്ടു. അന്‍ങഡ് ഗില്ലിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടസമയത്ത് ഇവരില്‍ ആരാണ് കാറോടിച്ചതെന്ന് വ്യക്തമല്ല. പക്ഷെ അപകടത്തിന് മിനിറ്റുകള്‍ മുന്നെയാണ് നെഗി തന്‍റെ സമൂഹമാധ്യമത്തില്‍ കാര്‍ 251 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തത്. അപകടം നടന്ന റോഡില്‍ നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്നതിനാല്‍ പൊതുജനത്തിനായി തുറന്നുകൊടുത്തിരുന്നില്ല. ഇതുകൂടാതെ റോഡില്‍ തെരുവുവിളക്കുകള്‍ പ്രവര്‍ത്തനക്ഷമമായിരുന്നുമില്ല.