കുടുംബത്തില്‍ സ്ഥിരമായി നടക്കുന്ന വഴക്കുകള്‍ക്ക് പിന്നില്‍ കൂടോത്രമെന്ന് സംശയിച്ച് വീട്ടുജോലിക്കാരിയെ കൊന്ന ഡോക്ടര്‍ പിടിയില്‍. ന്യൂഡല്‍ഹിയിലാണ് സംഭവം. ഡെര്‍മറ്റോളജിസ്റ്റായ ഡോ.മനീഷ് ഗുപ്തയാണ് മീന എന്ന തന്‍റെ വീട്ടുജോലിക്കാരിയെ കൊന്നതിന് പിടിയിലായത്. 

ഏറെ നാളായി തന്‍റെ ഭാര്യയുമായുള്ള വഴക്കില്‍ അസ്വസ്ഥനായിരുന്നു ഡോ.ഗുപ്ത. ഗുപ്തയുടെ ഭാര്യയും ആയുര്‍വേദ ഡെര്‍മറ്റോളജിസ്റ്റായിരുന്നു. ജോലിക്കാരിയെ മാറ്റണമെന്ന് പറഞ്ഞ് ഗുപ്തയും ഭാര്യയുമായി മൂന്ന് വര്‍ഷത്തോളമായി തര്‍ക്കം നിലനിന്നിരുന്നു. എന്നാല്‍ മീന മികച്ച ജോലിക്കാരിയാണെന്നും 15 വര്‍ഷത്തോളമായി തനിക്ക് പരിചയമുണ്ടെന്നും വേറൊരു ജോലിക്കാരിയെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നും പറഞ്ഞ് ഇവരെ പിരിച്ചുവിടാന്‍ ഭാര്യ തയ്യാറായില്ല. ഇതിന് പിന്നാലെ ഡോ.ഗുപ്ത ഭാര്യയ്ക്ക് മേല്‍ മീന കൂടോത്രം ചെയ്തിരിക്കുകയാണെന്ന് വിശ്വസിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. 

തുടര്‍ന്ന് വ്യാഴാഴ്ച പകല്‍ 11ന് വീട്ടില്‍ നിന്ന് കരച്ചില്‍ കേട്ടതിനാല്‍ അയല്‍ക്കാര്‍ പൊലീസിനെ അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തുകയുമായിരുന്നു. വീട്ടിനകത്ത് ചോരയില്‍ കുളിച്ച് നില്‍ക്കുന്ന ഡോക്ടര്‍ ഗുപ്തയേയും തളംകെട്ടിയ ചോരയില്‍ ചലനമറ്റ് കിടക്കുന്ന മീനയേയുമാണ് പൊലീസ് കണ്ടത്. 

സംഭവത്തില്‍ ഗുപ്തയെ അറസ്റ്റ് ചെയ്ത പൊലീസിന് ഗുപ്തയാണ് കൊലപാതകിയെന്ന് വ്യക്തമാകുകയായിരുന്നു. മീനയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുവീഴ്ത്തി കത്തികൊണ്ട് പലതവണ കുത്തിയാണ് കൊന്നത്. ഡോ.ഗുപ്ത വിഷാദരോഗത്തിനടിമയാണെന്നും ഇതിനായി മരുന്ന് കഴിക്കുന്നുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതും കൊലപാതകത്തിന് കാരണമായേക്കാമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.