ഗുരുവായൂർ കർണ്ണംകോട് വയോധികയുടെ മൃതദേഹം കഴുത്തില്‍ കല്ല് കെട്ടി കിണറ്റിലെറിഞ്ഞ നിലയില്‍ കണ്ടെത്തി. ചേലക്കര സ്വദേശിനി സെന്താനവല്ലിയുടെ മൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതദേഹമാണ് റെയിൽവേ ഗേറ്റിന് സമീപമുള്ള വാടക വീട്ടിലെ കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. സംഭവത്തില്‍ പ്രതി പെരുമ്പാവൂര്‍ സ്വദേശി സുരേഷ് കുമാറും കൂട്ടാളിയും പിടിയിലായി.
കൊല്ലപ്പെട്ട സെന്താനവല്ലി ലൈംഗികതൊഴിലാളി ആണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സുഹൃത്തുമായി മദ്യപിക്കുന്നതിനിടെ താന്‍ ഒരു സ്ത്രീയെ കൊന്നെന്നും കഴുത്തില്‍ കല്ലുകെട്ടി കിണറ്റിലെറിഞ്ഞെന്നും സുരേഷ് കുമാര്‍ പറയുകയുണ്ടായി. ഇതിന് പിന്നാലെ സുഹൃത്ത് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
ശനിയാഴ്ച രാത്രി പതിനൊന്നോടെ നടത്തിയ പരിശോധനയില്‍ കിണറ്റില്‍ നിന്ന് സെന്താനവല്ലിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. സെന്താനവല്ലിയെ സുരേഷ് ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും ഇതിനിടെയില്‍ ഇവര്‍ കൊല്ലപ്പെട്ടതാണെന്നുമാണ് പൊലീസിന്‍റെ നിഗമനം. ഒരാഴ്ചയായി ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് ആണ് സെന്താനവല്ലി താമസിച്ചിരുന്നത്.