റോഡരികിൽ മാലിന്യം വലിച്ചെറിയുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാർഥി സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. ഗോവയിലെ മാപുസയിലാണ് സംഭവം. 23 കാരനായ സാമുവൽ ഡി ബ്രഗാങ്കയാണ് മരിച്ചത്. കുടുംബത്തിന്റെ കയ്യിലുള്ള ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് യുവാവ് ജീവനൊടുക്കിയതെന്നും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നെന്നും പൊലീസ് അറിയിച്ചു.
വടക്കൻ ഗോവയിലെ റോഡരികിൽ യുവാവ് മാലിന്യം വലിച്ചെറിയുന്ന വിഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായിരുന്നു. പിന്നാലെ നിരവധി പേര്‍ യുവാവിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി എത്തുകയും ചെയ്തു. വന്‍തോതില്‍ ട്രോളുകളും പ്രചരിച്ചു. വിഡിയോ കൂടുതല്‍ പ്രചരിക്കുകയും വിമര്‍ശനം ശക്തമാകുകയും ചെയ്തതോടെ പൊലീസ് സാമുവലിനെതിരെ കേസെടുത്തിരുന്നു. സ്റ്റേഷനില്‍ ഹാജരാകാന്‍ നോട്ടിസും ലഭിച്ചു. പൊലീസില്‍ ഹാജരായ സാമുവല്‍ കേസിനോട് പൂര്‍ണമായി സഹകരിച്ചിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു.
വിഡിയോ വൈറലായതിനു ശേഷം യുവാവ് വളരെയധികം അസ്വസ്ഥനായിരുന്നുവെന്ന് കുടുംബം പൊലീസിനോട് പറഞ്ഞു. മരണത്തിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളിൽ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും കുടുംബാംഗങ്ങൾ പറഞ്ഞതായി റിപ്പോർട്ടുണ്ട്. അതേസമയം, ആത്മഹത്യയും വൈറലായ വിഡിയോയും തമ്മിലുള്ള ബന്ധം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷിച്ചുവരികയാണ്. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.