പ്രിയപ്പെട്ടവരുടെ വേർപ്പാട് ജീവിച്ചിരിക്കുന്നവർക്ക് താങ്ങാനാവാത്ത ദുഃഖമാണ് നൽകുന്നത്. എല്ലാ മനുഷ്യരും ഈ അവസ്ഥയിലൂടെ കടന്നുപോകുമെങ്കിലും ചിലർക്ക് അത് അതിജീവിക്കാൻ കഴിയാതെ വരുന്നത് വേദനാജനകമാണ്. അത്തരത്തിൽ ഭാര്യയും മകനും മരിച്ചതോടെ സ്വന്തം മനസ്സിനെ താങ്ങി നിർത്താൻ കഴിയാതെ നിസ്സഹായനായി മരണത്തിന് കീഴടങ്ങിയ ഒരു മനുഷ്യനെക്കുറിച്ചുള്ള വാർത്തയാണ് ഉത്തർപ്രദേശിൽ നിന്നും പുറത്തുവരുന്നത്.
ഉത്തർപ്രദേശിലെ ബദായൂൺ ജില്ലയിലെ സിദ്ധ്പുര ഗ്രാമത്തിലായിരുന്നു സംഭവം. 45-കാരനായ മുഹമ്മദ് സാജിദിനുണ്ടായ ദുരന്തം സമാനതകളില്ലാത്തതാണ്. ജീവന്റെ ജീവനായി കണ്ടവരെ നഷ്ടപ്പെട്ട മനോവിഷമം താങ്ങാനാവാതെ അവരുടെ കല്ലറയിൽ വീണ് സാജിദും യാത്രയായി. വെറും പതിനൊന്ന് ദിവസങ്ങൾക്ക് മുൻപ് ഒരു വാഹനാപകടമാണ് സാജിദിന്റെ ജീവിതത്തെ തകിടം മറിച്ചത്. അപകടത്തിൽ സാജിദിന്റെ ഭാര്യ നൂർ ബാനുവും ഏക മകൻ അസീമും മരണമടഞ്ഞു. ഒരു നിമിഷം കൊണ്ട് ആ മനുഷ്യന് എല്ലാം നഷ്ടപ്പെട്ടു. ഇത് സാജിദിനെ മാനസികമായി തകർക്കുകയും കടുത്ത വിഷാദത്തിലേക്ക് തള്ളിയിടുകയും ചെയ്തു.
ദുരന്തത്തിന് ശേഷം സാജിദ് മറ്റുള്ളവരോട് സംസാരിക്കുന്നത് നിർത്തിയെന്നും ഭക്ഷണം പോലും കഴിക്കാതെ വീടിനുള്ളിലേക്ക് ഒതുങ്ങിക്കൂടിയെന്നുമാണ് അയൽവാസികൾ പറയുന്നത്. പുറംലോകവുമായി സമ്പർക്കമില്ലാതിരുന്ന ഇയാൾ ഭാര്യയുടെയും മകന്റെയും കബറിടത്തിൽ പോയി കരയുകയും നിലവിളിക്കുകയും ചെയ്യുമായിരുന്നു. ഒടുവിൽ ആ ദുഃഖം താങ്ങാൻ കഴിയാതെ കല്ലറയെ നെഞ്ചോട് ചേർത്ത് മരിച്ചു കിടക്കുന്ന സാജിദിനെയാണ് നാട്ടുകാർ കണ്ടത്.
സാജിദിനെ കണ്ടെത്തിയ സമയം അയാൾ ഭാര്യ നൂർ ബാനുവിന്റെയും മകന്റെയും കല്ലറയെ ഇരുകൈകളും കൊണ്ട് ആലിംഗനം ചെയ്തുകൊണ്ട്, മരവിച്ചുകിടക്കുന്ന അവസ്ഥയിലായിരുന്നു. ഇയാൾ കടുത്ത മാനസികാഘാതത്തിലായിരുന്നുവെന്നും ദുഃഖം താങ്ങാനാവാതെയാണ് മരണം സംഭവിച്ചതെന്നും പൊലീസ് അറിയിച്ചു.