Image: Last rites of the Malviya Nagar fire incident victims being performed

TAGS

ഡല്‍ഹി മാളവ്യ നഗറിലെ റസ്റ്ററന്‍റിലുണ്ടായ തീപിടിത്തത്തില്‍ പൊലിഞ്ഞത്, ഒരു കുഞ്ഞെന്ന സ്വപ്നവുമായി ഇന്ത്യയിലെത്തിയ ആഫ്രിക്കൻ ദമ്പതികളും. മരണത്തിലും പരസ്പരം നെഞ്ചോട് ചേർത്തുപിടിച്ച്, കെട്ടിപ്പുണർന്ന നിലയിലായിരുന്നു ഇവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. രക്ഷാപ്രവർത്തകരെപ്പോലും കണ്ണീരിലാഴ്ത്തിയ ദൃശ്യങ്ങളായിരുന്നു അത്.

അപകടസ്ഥലത്ത് ആദ്യമെത്തിയ രക്ഷാപ്രവർത്തകരിലൊരാളും സമീപത്തെ മാക്സ് സ്മാർട്ട് ഹോസ്പിറ്റലിലെ ഡ്യൂട്ടി ഇൻ-ചാർജുമായ വാസിം രാജ ആ രംഗം ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്... ‘എന്റെ ഔദ്യോഗിക ജീവിതത്തിൽ ഞാൻ ഒരുപാട് മൃതദേഹങ്ങൾ കണ്ടിട്ടുണ്ട്, എന്നാൽ അവിടെ കണ്ട കാഴ്ച വാക്കുകള്‍ കൊണ്ട് വിവരിക്കാനാകില്ല. ആ സ്ത്രീ അടുത്തിടെ ഏതോ ശസ്ത്രക്രിയയ്ക്ക് വിധേയയായതിന്‍റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. അവർ കമോഡിൽ ഇരിക്കുകയായിരുന്നു, ഭർത്താവ് തൊട്ടടുത്തുള്ള കസേരയിലും. അവർ പരസ്പരം കെട്ടിപ്പിടിച്ചിരിക്കുകയായിരുന്നു. ആ സ്ത്രീയുടെ തല ഭർത്താവിന്റെ തോളിലായിരുന്നു. മരിക്കുമെന്ന് ഉറപ്പായപ്പോള്‍ അവർ ഒരുമിച്ച് അതിനെ നേരിടാൻ തീരുമാനിച്ചതുപോലെ തോന്നി. ആ കാഴ്ച എന്റെ മനസ്സിൽ നിന്ന് ഒരിക്കലും മാഞ്ഞുപോകില്ല’– വാസിം രാജ പറഞ്ഞു.

അഞ്ചുനില കെട്ടിടത്തിൽ പുകയും തീയും അതിവേഗം പടർന്നപ്പോൾ രക്ഷപെടാനായി ഇവർ ഗ്രൗണ്ട് ഫ്ലോറിലെ ബാത്ത്റൂമിൽ അഭയം തേടുകയായിരുന്നു. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമത്തിനിടയിലാണ് രക്ഷാപ്രവർത്തകർ ബാത്ത്റൂമിന്റെ വാതിൽ തകർത്ത് അകത്തുകയറിയത്. രക്ഷാപ്രവർത്തകർ ഉടൻ തന്നെ സി.പി.ആർ ഉൾപ്പെടെയുള്ള അടിയന്തര ജീവൻരക്ഷാ മാർഗ്ഗങ്ങൾ നൽകിയെങ്കിലും പുക ശ്വസിച്ച് ഇരുവരും ഇതിനോടകം തന്നെ മരണത്തിന് കീഴടങ്ങിയിരുന്നു.

ഒരു കുഞ്ഞെന്ന സ്വപ്നവുമായാണ് ഈ ആഫ്രിക്കൻ ദമ്പതികൾ ഡൽഹിയിലെത്തിയത്. സമീപത്തെ ആശുപത്രിയിൽ ഐ.വി.എഫ് ചികിത്സ നടത്തിവരികയായിരുന്നു. ഇതിനായി താൽക്കാലികമായാണ് അവർ ഹോട്ടലിൽ മുറിയെടുത്തത്. പ്രദേശത്തുള്ള ഡ്രൈവർമാർക്ക് ഇവരെ നന്നായി അറിയാമായിരുന്നുവെന്ന് ഹോട്ടലിന് സമീപം താമസിക്കുന്ന ക്യാബ് ഓപ്പറേറ്ററായ ഇക്രാർ പറഞ്ഞു. ‘ആശുപത്രിയിലേക്ക് പോകുന്നതിനായി പലപ്പോഴും ഞങ്ങളുടെ ടാക്സികളിലാണ് ഇവർ യാത്ര ചെയ്തിരുന്നത്. ഒരു കുഞ്ഞെന്ന വലിയ പ്രതീക്ഷയോടെയാണ് അവർ ഇവിടെ വന്നത്’– അദ്ദേഹം പറഞ്ഞു.

അതേസമയം, മാളവ്യ നഗറിലെ 'ഫ്ലറിഷ് സ്റ്റേ ബി ആൻഡ് ബി' ഹോട്ടലിലാണ് കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായത്. 11 വിദേശികളടക്കം 21 പേരാണ് അപകടത്തില്‍ മരിച്ചത്. തീപിടിത്തതിന് കാരണം സിലിണ്ടര്‍ പൊട്ടിത്തെറിച്ചതല്ല, ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഉടമ താൻ ആണെങ്കിലും ഹോട്ടലിന്റെ നടത്തിപ്പ് മറ്റൊരാളെ ഏല്‍പ്പിച്ചിരിക്കുയാണെന്നാണ് അറസ്റ്റിലായ ലോകേഷ് ബജാജിന്‍റെ മൊഴി. തീപിടിത്തത്തില്‍ മരിച്ച വിദേശികളുടെ വിശദാംശങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിന് കൈമാറി.

ENGLISH SUMMARY:

An African couple who traveled to India with dreams of starting a family tragically lost their lives in a massive fire at a hotel in Delhi's Malviya Nagar. The couple, who were staying at the 'Flourish Stay B&B' while undergoing IVF treatment at a nearby hospital, were found dead inside a ground-floor bathroom, tightly embracing each other. First responders revealed that the victims had sought refuge from the rapidly spreading toxic smoke, but dynamically succumbed to asphyxiation before they could be structurally breached and rescued. The devastating blaze, which local police confirmed was caused by a short circuit rather than a cylinder blast, claimed the lives of twenty-one individuals, including eleven foreign nationals. Following the corporate safety failure, hotel owner Lokesh Bajaj was arrested by authorities, and detailed profiles of the deceased foreigners have been shared with the Ministry of External Affairs.