പ്രസവത്തിനിടെ യുവതി മരിച്ചതിന് പിന്നാലെ ശസ്ത്രക്രിയ ചെയ്ത മുറിവ് പോലും തുന്നാതെ ആശുപത്രിയില്‍ നിന്ന് മുങ്ങി ഡോക്ടറും ശസ്ത്രക്രിയാ സംഘവും. യുപി  സോന്‍ബര ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവമരങ്ങേറിയത്. മരിച്ച സീമ (34) ആശാ പ്രവര്‍ത്തകയായിരുന്നു. ‌

പൊലീസ് റിപ്പോര്‍ട്ട് പ്രകാരം മേയ് 29നാണ് സീമയ്ക്ക് പ്രസവസംഭവമായ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. ഉടന്‍ ഭര്‍ത്താവ് ദേവ് നാരായണ്‍ സീമയെ ഗവണ്‍മെന്‍റ് പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും ഡോക്ടര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. 

ഡ്യുട്ടിയിലുണ്ടായിരുന്ന നഴ്സ് മരുന്നുകള്‍ കുത്തിവച്ചെങ്കിലും സീമ പ്രസവിക്കുന്നതിന് ബുദ്ധിമുട്ടി. ഇതോടെ സാധാരണ പ്രസവം സാധ്യമാകില്ലെന്നും സീമയെ ഏതെങ്കിലും സ്വകാര്യ ആശുപത്രിയിലെത്തിക്കേണ്ടിവരുമെന്നും നഴ്സ് പറഞ്ഞു. നഴ്സ് സ്വകാര്യ ആശുപത്രി നിര്‍ദേശിക്കുകയും ചെയ്തു. 

എന്നാല്‍ സ്വകാര്യ ആശുപത്രിയിലെത്തിയ ദേവ് നാരായണ്‍ ആശുപത്രി കണ്ട് അന്തംവിട്ടു. പഴക്കം ചെന്നതും തുരുമ്പിച്ച ഉപകരണങ്ങളുള്ളതുമായ ഒരു ആശുപത്രിയായിരുന്നു അത്. പക്ഷെ ഗത്യന്തരമില്ലാതെ നാരായണ്‍ ‍ഡോക്ടറെ സമീപിച്ചു. തങ്ങള്‍ സീമയെ സഹായിക്കാമെന്ന് പറഞ്ഞ് ഡോക്ടര്‍ നസീം സീമയെ ഉടന്‍ ഓപ്പറേഷന്‍ തീയറ്ററിലേക്ക് പ്രവേശിപ്പിച്ചു. 

ഉടന്‍ തന്നെ കുഞ്ഞിനെ പുറത്തെടുത്ത് ദേവ് നാരായണിനെ ഏല്‍പ്പിച്ചു. എന്നാല്‍ സീമയുടെ അവസ്ഥ എന്തെന്ന് ഇയാളെ അറിയിച്ചില്ല. ഏറെ നേരം കാത്തിരുന്നിട്ടും ഒരനക്കവും കേള്‍ക്കാതിരുന്നതോടെ ഇയാള്‍  ഓപ്പറേഷന്‍ തീയറ്ററിന്‍റെ അകത്തേക്ക് കയറി. സീമ ഓപ്പറേഷന്‍ ടേബിളിന് മുകളില്‍ സിസേറിയന്‍ മുറിവ് തുറന്ന രീതിയില്‍ മരിച്ച് കിടക്കുന്നതാണ് ദേവ് കണ്ടത്. 

പിന്നീട് പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തുകയായിരുന്നു. ഇതില്‍ നിന്നും ഡോക്ടര്‍ നസീം BAMS (ബാച്ചിലര്‍ ഓഫ് ആയുര്‍വേദിക്ക് മെഡിസിന്‍ അന്‍ഡ് സര്‍ജറി) ഡോക്ടറാണെന്നും ശസ്ത്രക്രിയ ചെയ്യാന്‍ ഒരു ലൈസന്‍സുമില്ലെന്നും വ്യക്തമായി. പലര്‍ക്കും പണം കൊടുത്ത് രോഗികളെ ആശുപത്രിയിലെത്തിക്കുന്നത് ഇയാളുടെ രീതിയാണെന്നും കണ്ടെത്തി. 

ആശുപത്രി അടച്ചുപൂട്ടി അന്വേഷണം നടത്തിയ പൊലീസ് സല്‍മ എന്ന നഴ്സിനെ അറസ്റ്റ് ചെയ്തു. ഒളിവിലുള്ള ഡോക്ടര്‍ നസീമിന് 25000 രൂപ ഇനാം പ്രഖ്യാപിച്ച് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 

ENGLISH SUMMARY:

A young mother died during childbirth after a doctor and surgical team fled the hospital, leaving her surgical wound unstitched. The incident in Sonbhadra district, Uttar Pradesh, highlights a severe lapse in medical care and raises serious questions about unregistered practitioners.