1. പ്രതി സുമിത്ത്, 2. പ്രതീകാത്മക ചിത്രം.
ഫ്രൗണ്ട് റിക്വസ്റ്റ് സ്വീകരിക്കാത്തതിന് പെണ്‍കുട്ടിയുടെയും അമ്മയുടെയും നഗ്ന ചിത്രങ്ങള്‍ പ്രചരിച്ച സംഭവത്തില്‍ 27 കാരന്‍ അറസ്റ്റില്‍. മതപരമായ വിഡിയോകള്‍ ചെയ്യുന്ന സുമിത് നേംചന്ദ് ശർമ്മ എന്നയാളെയാണ് അഹമ്മദാബാദ് പൊലീസ് ഡല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇയാള്‍ എഐ ടൂളുകള്‍ ഉപയോഗിച്ചാണ് സ്ത്രീകളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിപ്പിച്ചത്.
ഇരയായ പെണ്‍കുട്ടി ഗുജറാത്തില്‍ നിന്നുള്ളതാണ്. പ്രതിയായ സുമിത് പെണ്‍കുട്ടിക്ക് ഇന്‍സ്റ്റഗ്രാമിലൂടെ സന്ദേശങ്ങള്‍ അയച്ചിരുന്നു. തുടക്കത്തില്‍ മതപരമായ കാര്യങ്ങള്‍ സംസാരിച്ചിരുന്ന ഇയാള്‍ സൗഹൃദത്തിന് ശ്രമിച്ചെങ്കിലും പെണ്‍കുട്ടി നിരസിച്ചു. ഇതോടെ ശല്യപ്പെടുത്തല്‍ ആരംഭിച്ചു. 2025 ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെ ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ ശല്യപ്പെടുത്തിയിരുന്നതായാണ് പെണ്‍കുട്ടി അഹമ്മദാബാദ് സൈബര്‍ പൊലീസില്‍ നല്‍കിയ പരാതി.
പെണ്‍കുട്ടി സൗഹൃദം നിരസിച്ചതോടെയാണ് പ്രതി ശല്യം ആരംഭിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ നിന്നും പെണ്‍കുട്ടിയുടെയും അമ്മയുടെയും ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് എഐ ഉപയോഗിച്ച് നഗ്ന ചിത്രങ്ങളും വിഡിയോകളും നിര്‍മിക്കുകയായിരുന്നു. ഇത്തരത്തിലുള്ള 100 ലധികം ദൃശ്യങ്ങള്‍ ഇയാളുടെ കയ്യില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇതിനു ശേഷം വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും യൂട്യൂബ് ചാനലും ഉണ്ടാക്കി എഐ ജനറേറ്റഡ് ചിത്രങ്ങളും വിഡിയോകളും അപ്‍ലോഡ് ചെയ്തു. ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, എക്സ് എന്നിവയില്‍ ഇയാള്‍ക്ക് എട്ട് വ്യാജ അക്കൗണ്ടുകളുണ്ട്. വടക്കുകിഴക്കൻ ഡൽഹിയിലെ ഉസ്മാൻപൂരില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.