Image: X,@ndtv
8.7കോടിരൂപയുടെ തട്ടിപ്പ് നടത്തിയ പൊതുമേഖലാ ബാങ്ക് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. ആര്‍ബിഐയുടെ കറന്‍സി ചെസ്റ്റില്‍ നിന്നാണ് കോടികള്‍ കടത്തി ക്രിപ്റ്റോകറന്‍സികളിലേക്ക് ഉള്‍പ്പെടെ മാറ്റിയതെന്നാണ് ആരോപണം ഉയരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് അറസ്റ്റ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബാങ്ക് ജൂനിയര്‍ കസ്റ്റോഡിയന്‍ ഹര്‍സിദ് കഡിയാറിനെ സോള മേഖലയില്‍ നിന്നും പൊലീസ് പിടികൂടിയത്. മേയ് 27വരെ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടതായി പോലീസ് ഡി ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ ഹിതേന്ദ്ര ചൗധരി പറഞ്ഞു. ആര്‍ബിഐയുടെ കറന്‍സി ചെസ്റ്റ് സ്ഥിതി ചെയ്യുന്ന കലുപൂര്‍ പ്രദേശത്തെ ബാങ്ക് ഓഫ് ബറോഡയുടെ ഗാന്ധി റോഡ് ശാഖയിലെ ജീവനക്കാരനാണ് പ്രതി.
മറ്റ് രണ്ടു തൊഴിലാളികളുടെ കൂടി സഹായം ഇയാള്‍ക്കു ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബാങ്കില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ 90 ദിവസങ്ങള്‍ക്കു ശേഷം ഇല്ലാതാകുമെന്ന് കരുതി മോഷണത്തിനു ശേഷം ഏപ്രില്‍ 20വരെ പ്രതി ജോലിക്കു ഹാജരായി. പിന്നീട് ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചു. ആര്‍ബിഐ പരിശോധനയ്ക്കു മുന്നോടിയായുള്ള പതിവു പരിശോധനയിലാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. ഈ മാസം 15ന് കലുപൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസുമായി ബന്ധപ്പെട്ട് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തതോടൊപ്പം കാറില്‍ നിന്നും 2.2കോടി രൂപ പൊലീസ് കണ്ടെടുക്കുകയും ചെയ്തു.
തട്ടിയെടുത്ത പണം ഉപയോഗിച്ച് ഇയാള്‍ ഒരു വീടും, വണ്ടിയും ഒരു കടയും വാങ്ങിയതായും പൊലീസ് കണ്ടെത്തി. വീട് വാങ്ങുന്നതിനായി ഒരു വനിതാ സഹപ്രവർത്തകയ്ക്ക് 23 ലക്ഷം രൂപ നൽകിയതായും, 5 ലക്ഷം രൂപ പിന്നീട് കൈമാറിയതായും പൊലീസ് പറഞ്ഞു. ക്രിപ്റ്റോ കറന്‍സി മാര്‍ക്കറ്റുകളിലും തട്ടിയെടുത്ത പണത്തിന്റെ ഒരു ഭാഗം നിക്ഷേപിച്ചതായി പൊലീസ് അറിയിക്കുന്നു.