neet-02

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ മഹാരാഷ്ട്രയിലെ ലാത്തൂരിൽ ഡോക്ടര്‍ അറസ്റ്റില്‍. നേരത്തെ അറസ്റ്റിലായ കോച്ചിങ് സെന്റർ ഉടമ ശിവ്‌രാജിന്റെ കുടുംബാംഗങ്ങളെയും സിബിഐ ചോദ്യം ചെയ്തു. അതേസമയം ഇന്ന് ചേരുന്ന പാർലമെന്ററി സമിതി യോഗം വിദ്യാഭ്യാസമന്ത്രാലത്തിലെയും എന്‍ടിഎയിലെയും ഉന്നത ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം  ഇന്നും തുടരുകയാണ്.   

 

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ ലാത്തൂരിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. മനോജ് ഷിരോളെയെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിനായി പൂനെയിലേക്ക് മാറ്റി. ഇയാളുടെ ക്ലിനിക്കിലും വീട്ടിലും പരിശോധന നടത്തി. കോച്ചിങ് സെന്ററുകൾക്കും വിദ്യാർഥികൾക്കും ചോദ്യപേപ്പറുകൾ കൈമാറുന്നതിൽ ഡോക്ടർ വഹിച്ച പങ്കും, സാമ്പത്തിക ഇടപാടുകളും, ഫോൺ രേഖകളുമാണ് അന്വേഷണ സംഘം  പരിശോധിക്കുന്നത്.

 

അറസ്റ്റിലായ പ്രതികളുടെ കയ്യക്ഷര സാമ്പിളുകൾ ശേഖരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ ഡൽഹി കോടതിയെ സമീപിച്ചിട്ടുണ്ട്. സാഹചര്യം വിലയിരുത്തുന്ന ദിഗ് വിജയ് സിംഗ് അധ്യക്ഷനായ പാര്‍ലമെന്ററി സമിതി എന്‍ടിഎ പരിഷ്കാരങ്ങളെ കുറിച്ചുള്ള കെ .രാധാകൃഷ്ണൻ കമ്മിറ്റി  റിപ്പോർട്ട്  നടപ്പിലാക്കുന്നതിനുള്ള കൂടിയാലോചനകൾ നടത്തും. പാര്‍ലമെന്ററി സമിതിയിലെ പ്രതിപക്ഷ അംഗങ്ങളെ വിമര്‍ശിച്ച കേന്ദ്ര മന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുമെന്ന് സമിതി അംഗമായ ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

 

ഉഷ്ണ തരംഗം കണക്കിലെടുത്ത് പുനപരീക്ഷയ്ക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ  നിർദ്ദേശം നൽകി. പരീക്ഷാ കേന്ദ്രങ്ങളിൽ  ഒആര്‍എസ്, കുടിവെള്ളം എന്നിവയും  സൗജന്യ യാത്രയും ഒരുക്കാനുമാണ്  നിർദ്ദേശം. ജൂൺ 21ന് ഉച്ചയ്ക്കുള്ള പരീക്ഷയിൽ വിദ്യാർത്ഥികൾ ആശങ്ക അറിയിച്ചെഹ്കിലും രാജ്യാന്തര യോഗാദിനമായതിനാലാണ് ഇത്തരമൊരു ക്രമീകരണമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മറുപടി. 

ENGLISH SUMMARY:

The CBI has arrested a doctor from Maharashtra’s Latur in connection with the NEET question paper leak case. Investigators are examining links between coaching centres, financial transactions, and distribution of leaked papers. Senior Education Ministry and NTA officials have also been summoned by the Parliamentary Committee as protests by student organisations continue nationwide.