Image Credit: X/dpkboppanna, AI

കാലം മാറിയതോടെ കല്യാണക്കുറി വാട്സാപ്പിലയയ്ക്കുന്നത് പതിവാണ്. പേപ്പര്‍ ഒഴിവാക്കി പ്രകൃതിസൗഹാര്‍ദമാകാമെന്നതും കൈമോശം വരില്ലെന്നതുമെല്ലാമാണ് ഇതിന്‍റെ സവിശേഷത. അങ്ങനെ വാട്സാപ്പ് വഴി അയച്ചുകിട്ടിയ വിവാഹ ക്ഷണക്കത്ത് ഡൗണ്‍ലോഡ് ചെയ്ത് തട്ടിപ്പിനിരയായിരിക്കുകയാണ് ബെംഗളൂരു സ്വദേശിയായ യുവാവ്. വെഡ്ഡിങ് എപികെ ഇന്‍വിറ്റേഷന്‍ എന്ന പേരിലുള്ള ഫയലാണ് സന്ദേശത്തിനൊപ്പം യുവാവിന് അയച്ച് കിട്ടിയത്. 

അടുത്ത സുഹൃത്തിന്‍റെ നമ്പരില്‍ നിന്നായതിനാല്‍ യുവാവ് ഡൗണ്‍ലോഡ് ചെയ്തു. തൊട്ടുപിന്നാലെ പലയിടത്ത് നിന്നായി പണമിടപാട് നടന്നതിന്‍റെ സന്ദേശങ്ങള്‍ മൊബൈലിലേക്ക് എത്തുകയായിരുന്നു. എന്തോ പന്തികേട് തോന്നി ബാങ്കിലെത്തിയപ്പോഴാണ് അഞ്ച് ലക്ഷത്തോളം രൂപ നഷ്ടമായത് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ പൊലീസിലെത്തി പരാതി നല്‍കുകയായിരുന്നു. പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

യുവാവിന്‍റെ ഫോണിലേക്ക് എത്തിയ ഫയലില്‍ മാല്‍വെയറുണ്ടായിരുന്നുവെന്നും ഇതിലൂടെയാണ് തട്ടിപ്പുകാര്‍ക്ക് മൊബൈലിന്‍റെ ആക്സസ് ലഭ്യമായതെന്നും പൊലീസ് പറയുന്നു. എപികെ ഫയലുകള്‍ പ്രത്യേകിച്ചും അപരിചിതമായ നമ്പറുകളില്‍ നിന്ന് വരുന്നത് ഡൗണ്‍ലോഡ് ചെയ്യരുതെന്നും ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നും  പൊലീസ് അറിയിച്ചു. ബാങ്ക് വിവരങ്ങളും പാസ്​വേര്‍ഡുകളും വ്യക്തിഗത വിവരങ്ങളുമടക്കം ചോരുമെന്നും സൈബര്‍ സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.

കഴിഞ്ഞ വര്‍ഷം ഗുരുഗ്രാമിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാട്സാപ്പിലേക്കെത്തിയ സന്ദേശത്തിലെ ഫയല്‍ ലിങ്കില്‍ ക്ലിക്ക് ചെയ്തതും ഫോണ്‍ ഹാക്കാകുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നതിന് മുന്‍പ് 97,000 രൂപ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കപ്പെട്ടു. ഉടനടി പരാതി നല്‍കിയെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. 

ENGLISH SUMMARY:

A man from Bengaluru lost nearly ₹5 lakh after downloading a fraudulent wedding invitation file sent to his WhatsApp. The scam involved an APK file named 'Wedding APK Invitation,' which contained malware that granted hackers full access to his smartphone and banking details. Since the message appeared to come from a close friend's number, the victim trusted it, only realizing the theft when he received transaction alerts and visited his bank. Cyber police explained that such files allow criminals to monitor OTPs and steal passwords remotely, a tactic previously reported in similar cases in Gurugram. Authorities have issued a stern warning to the public against clicking on unknown links or downloading APK files from any source, including known contacts, to avoid falling prey to such sophisticated cyber-attacks.