Image credit: facebook/mithilesh
പെണ്‍കുട്ടികള്‍ക്ക് വലിയ വിദ്യാഭ്യാസം നല്‍കേണ്ട ആവശ്യമില്ലെന്ന് ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി മിതിലേഷ് തിവാരി. പെണ്‍മക്കള്‍ വീടുകള്‍ക്കുള്ളിലിരിക്കുന്നതാണ് ഭംഗിയെന്നും തെരുവിലിറങ്ങുന്നത് നല്ലതല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വലിയ വിവാദമാണ് വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകള്‍ക്ക് പിന്നാലെ ഉയര്‍ന്നിരിക്കുന്നത്.
'എന്തിനാണ് അവര്‍ക്ക് വിദ്യാഭ്യാസം? വീട്ടില്‍ പെണ്‍കുട്ടികളുള്ളതാണ് നമ്മുടെ കരുത്തും അഭിവൃദ്ധിയുടെ അടിസ്ഥാനവും. മോദിയിങ്ങനെ നാരി ശക്തി മണ്ഡലുമായി ഉള്ളപ്പോള്‍ പെണ്‍കുട്ടികള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ട ആവശ്യമെന്താണ്? എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. മന്ത്രിയുടെ വാക്കുകള്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെ അവകാശങ്ങള്‍ സ്വതവേ വന്ന് ചേരുമെന്നും അതിനായി ആരും പ്രതിഷേധിക്കേണ്ടതില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.
വിദ്യാഭ്യാസ മന്ത്രിയുടെ തന്നെ കാഴ്ചപ്പാട് ഇങ്ങനെയാണെങ്കില്‍ ബിഹാറിന്‍റെ ഗതിയെന്താകുമെന്നാണ് സമൂഹമാധ്യമങ്ങളില്‍ വിഡിയോ പങ്കുവച്ച് ആളുകള്‍ കുറിച്ചത്. ഭരണഘടനാവിരുദ്ധമാണ് മന്ത്രിയുടെ വാക്കുകളെന്നും ആളുകള്‍ കുറിച്ചിട്ടുണ്ട്. ഭരണഘടനയുടെ 21 A യില്‍ ആറു മുതല്‍ 14 വയസുവരെയുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഭരണഘടന ഉറപ്പ് നല്‍കുന്നു. ജാതിയുടെയോ, മതത്തിന്‍റെയോ, ലിംഗത്തിന്‍റെയോ, സാമ്പത്തികത്തിന്‍റെയോ പേരില്‍ ആര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കാന്‍ പാടില്ല എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
'ബിഹാറിലെ സാക്ഷരതാ നിരക്ക് ബഹുകേമമാണ്. എന്നിട്ടും ജനസംഖ്യയില്‍ പാതിയോളം വരുന്ന സ്ത്രീജനങ്ങളെ അടുക്കളയിലേക്ക് തിരിച്ച് വിടാനാണോ നീക്കം? കുറച്ച് കഴിയുമ്പോള്‍ സ്കൂളുകള്‍ എന്തിനാണ് എന്ന് കൂടി ചോദിക്കില്ലെന്ന് എന്തുറപ്പ് എന്നായിരുന്നു ഒരാള്‍ കുറിച്ചത്. 'ബിഹാറിലുള്ളവരുടെ യഥാര്‍ഥ മനസ്ഥിതിയാണ് മന്ത്രി പറഞ്ഞതെന്നും വിദ്യാഭ്യാസം കിട്ടിയ ഒരു ബിഹാരി പെണ്‍കുട്ടിയും സ്വന്തം നാട്ടിലെ വിദ്യാഭ്യാസമില്ലാത്ത പുരുഷനെ വിവാഹം കഴിക്കില്ലെ'ന്ന് മറ്റൊരാളും കമന്‍റ് ചെയ്തിട്ടുണ്ട്. എന്നാല്‍ 'ദീര്‍ഘവീക്ഷണവും കാര്യപ്രാപ്തിയുമില്ലാത്ത നേതാക്കളുടെ കുഴപ്പമാണിതെന്നും ജനങ്ങള്‍ ഇത്തരം വ്യക്തികളെ തിരഞ്ഞെടുക്കാതെ ശ്രദ്ധിക്കണമെന്നും അധികാരത്തിന്‍റെ പരിസരത്ത് പോലും ഇങ്ങനെയുള്ളവരെ അടുപ്പിക്കരുത്. നാടിനെ പുരോഗതിയിലേക്ക് നയിക്കുന്നതിന് പകരം പിന്നോട്ടടിക്കുകയാണ് ഇവര്‍ ചെയ്യുന്നത്' എന്നും പ്രതികരണങ്ങളുണ്ട്. ' ഇയാള്‍ വിദ്യാഭ്യാസ മന്ത്രിയാണോ? പാക്കിസ്ഥാനോ ചൈനയോ ഒക്കെ എന്തിനാണ്? ഇതുപോലെയുള്ളവര്‍ മതി രാജ്യത്തെ ഉള്ളില്‍ നിന്ന് നശിപ്പിക്കാന്‍. ദിവസം ചെല്ലുന്തോറും ആളുകള്‍ക്ക് ചിന്താശേഷി നശിച്ച് വരികയാണെന്നും ഒരാള്‍ കുറിച്ചു.
Google trending topic: Education