തൃണമൂല്‍ കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞ് ബിജെപി തിരഞ്ഞെടുപ്പ് വിജയം നേടിയതോടെ അക്ഷരാര്‍ഥത്തില്‍ പ്രക്ഷോഭത്തീയിലാണ് ബംഗാള്‍. എസ്ഐആറിലൂടെ വോട്ടര്‍മാരെ ഇല്ലാതാക്കി അധികാരം പിടിച്ചെന്നാവര്‍ത്തിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിക്കെതിരെ രംഗത്തുവന്നു. പിന്നാലെ ഇരു പാര്‍ട്ടി പ്രവര്‍ത്തകരും തെരുവിലിറങ്ങി. ബിജെപി നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായിരുന്ന സുവേന്ദു അധികാരിയുടെ പിഎ ചന്ദ്രനാഥ് രഥിനെ വെടിവച്ച് കൊലപ്പെടുത്തിയതോടെ രോഷാഗ്നി ആളിക്കത്തി.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് ബിജെപി ആരോപിച്ചു. ബംഗാളിന്‍റെ പല ഭാഗങ്ങളിലും സംഘര്‍ഷം പടരുകയാണ്. ഇതിനിടെയാണ് ബംഗാള്‍–ബംഗ്ലാദേശ് അതിര്‍ത്തികളില്‍ നിന്നുള്ളതെന്ന അവകാശവാദവുമായി സമൂഹമാധ്യങ്ങളിലൂടെ ചില വിഡിയോകള്‍ പ്രചരിച്ചത്. ബംഗ്ലാദേശില്‍ നിന്ന് ബംഗാളിലേക്ക് അനധികൃത കുടിയേറ്റം നടത്തിയ ആളുകള്‍ കൂട്ടത്തോടെ തിരിച്ചുപോകുന്നു എന്നായിരുന്നു ദൃശ്യങ്ങളിലെ അവകാശവാദം.
എന്നാല്‍ ഈ ദൃശ്യങ്ങള്‍ക്ക് ബംഗ്ലാദേശികളുടെ മടങ്ങിപ്പോക്കുമായി ബന്ധമില്ലെന്ന് ഫാക്ട്ചെക്കിങ് പോര്‍ട്ടലായ ന്യൂസ് ചെക്കര്‍ വ്യക്തമാക്കുന്നു. യൂട്യൂബര്‍ ദീപ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ദിപ് ഘോഷ് എന്നയാള്‍ ജനുവരി അഞ്ചിന് പോസ്റ്റ് ചെയ്ത വിഡിയോ ആണ് ഇപ്പോഴത്തേതെന്ന വ്യാജേന പ്രചരിപ്പിക്കുന്നത്. ‘ബിശ്വ ഇജ്തെമ’ എന്ന ഇസ്‍ലാമിക ആഘോഷത്തിനെത്തിയവരാണ് വിഡിയോയില്‍ ഉള്ളതെന്ന് അന്നത്തെ പോസ്റ്റിലും പുതിയ പോസ്റ്റിലും ഘോഷ് പറയുന്നതും കേള്‍ക്കാം.
വോട്ടെണ്ണല്‍ ദിനത്തില്‍ ബിജെപിയുടെ മുന്നേറ്റം കണ്ടതോടെ കൃത്യമായ രേഖകളില്ലാതെ താമസമാക്കിയവര്‍ പെട്ടിയെടുത്ത് തിരികെപ്പോകുകയാണെന്നാണ് വിഡിയോകള്‍ പ്രചരിപ്പിക്കുന്നവര്‍ അവകാശപ്പെടുന്നത്. ബംഗാള്‍ തിരഞ്ഞെടുപ്പിനുശേഷം ഇന്ത്യയില്‍ നിന്ന് അതിര്‍ത്തി പോസ്്റ്റുകള്‍ വഴി തള്ളി വിടരുതെന്ന് ബംഗ്ലാദേശ് വിദേശകാര്യവകുപ്പ് അഭ്യര്‍ഥിച്ചതുമെല്ലാം ഇതിന് ആധികാരിതക നല്‍കാന്‍ ചേര്‍ത്തുവച്ചിരുന്നു. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റം ബംഗാളിലെ സാമൂഹിക സന്തുലിതാവസ്ഥയെ ബാധിക്കുന്നുവെന്നാണ് ബിജെപി തിരഞ്ഞെടുപ്പിന് മുന്‍പ് ഉന്നയിച്ച പ്രധാന ആരോപണം. ഈ കുടിയേറ്റം ദേശീയസുരക്ഷയ്ക്ക് ഭീഷണിയെന്ന് അമിത് ഷായും സുവേന്ദു അധികാരിയും പലവട്ടം പറഞ്ഞു.
അനധികൃതമായി എത്തുന്നവരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയാണ് തൃണമൂൽ കോൺഗ്രസ് പതിനഞ്ചു വര്‍ഷക്കാലം ഭരണം നിലനിര്‍ത്തിയതെന്നും ബിജെപി ആരോപിച്ചിരുന്നു. എസ്ഐആറില്‍ ഒഴിവാക്കപ്പെട്ട 90 ലക്ഷം പേര്‍ അനധികൃത കുടിയേറ്റക്കാരും മരിച്ചവരും സ്ഥലം മാറിപ്പോയവരുമാണെന്നും ബിജെപി അവകാശപ്പെടുന്നു. ബിജെപി അധികാരത്തിൽ വന്നാൽ എല്ലാ നുഴഞ്ഞുകയറ്റക്കാരെയും തിരിച്ചയയ്ക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.