തമിഴ്നാട്ടിൽ വിജയ്‍യുടെ വിസിൽ മുഴക്കം. അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ടിവികെ. നിലവിൽ 108 സീറ്റുകളിൽ ആണ് ലീഡ് ചെയ്യുന്നത്. 118 സീറ്റുകളാണ് ആണ് സര്‍ക്കാർ രൂപീകരിക്കാൻ വേണ്ടത്. ഡിഎംകെ 74 സീറ്റുകളിലും അണ്ണാ ഡിഎംകെ 52 സീറ്റുകളിലും മുന്നിലാണ്. വിജയ് പെരമ്പൂരും തിരുച്ചിറപ്പള്ളി ഈസ്റ്റിലും വിജയം ഉറപ്പിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെ നിരവധി മന്ത്രിമാർ പരാജയപ്പെട്ടു.
ചെപ്പോക്കിൽ ഉദയനിധി സ്റ്റാലിൻ ലീഡ് ചെയ്യുകയാണ്. എടപ്പാടിയിൽ പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി വിജയിച്ചു. ഇത് തമിഴ്നാടിന്റെ വിജയം എന്നും സംസ്ഥാനത്ത് വിജയ് വലിയ മാറ്റം കൊണ്ട് വരുമെന്നും വിജയ് യുടെ പിതാവ് S.A. ചന്ദ്രശേഖര്‍ പറഞ്ഞു. ഡിഎംകെയെ ജനങ്ങൾ തൂക്കി എറിഞ്ഞെന്ന് ടിവികെ നേതാവ് ആദവ് അർജുന. വോട്ടിന് പണം എന്ന സമ്പ്രദായവും അവസാനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു
മത്സരിച്ച ആദ്യ ഇലക്ഷനിൽ ഡിഎംകെയെ തകർത്ത് തമിഴ്നാട് തൂക്കിയിരിക്കുകയാണ് വിജയിയുടെ ടിവികെ. സിനിമ മതിയാക്കിക്കൊണ്ട് രാഷ്ട്രിയത്തിലേക്കിറങ്ങിയ വിജയ് എല്ലാ കണക്കുകൂട്ടലുകളെയും കാറ്റിൽ പറത്തിയാണ് വമ്പിച്ച വിജയത്തിൽ എത്തിനിൽക്കുന്നത്. കടലായി ഒഴുകിയ തമിഴ് ജനതയുടെ സ്നേഹം ടിവികെയെ എത്തിച്ചത് ആരെയും കൊതിപ്പിക്കുന്ന വിജയത്തിലാണ്.
ഈ നിമിഷത്തിലും ഇതിനോട് ചേർത്തുകൊണ്ട് വിജയ് അഭിനയിച്ച സിനിമകളിലെ ചില ചിത്രങ്ങളും രാഷ്ട്രീയ പരാമർശങ്ങളും എല്ലാമാണ് ആരാധകർ ചർച്ചയാക്കുന്നത്. 2026 ൽ വിജയ് തമിഴ്നാടിന്റെ മുഖ്യമന്ത്രിയാകുമെന്ന സൂചനകൾ അദ്ദേഹത്തിന്റെ സിനിമകൾ തന്നിരുന്നു എന്നതാണ് സോഷ്യലിടത്തിലെ പുതിയ ചർച്ച. അതിനോടു യോജിക്കുന്ന ഒരു രംഗവും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.