കൊൽക്കത്ത ആർ.ജി.കാർ മെഡിക്കൽ കോളജിൽ, പീഡനത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മ രത്ന ദേബ്നാഥ് ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചു. ബിജെപി സ്ഥാനാർത്ഥിയായി പനിഹാട്ടി മണ്ഡലത്തിൽ നിന്ന് രത്ന ദേബ്നാഥ് വിജയിച്ചത് 28836 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. തൃണമൂൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണ് രാഷ്ട്രീയത്തിൽ മുൻപരിചയമൊന്നുമില്ലാത്ത രത്ന ദേബ്നാഥ് പിടിച്ചെടുത്തത്.
നീതിക്കുവേണ്ടിയുള്ള ഒരു അമ്മയുടെ പോരാട്ടം എന്നാണ് ബിജെപി രത്ന ദേബ്നാഥിന്റെ സ്ഥാനാർത്ഥിത്വത്തെ വിശേഷിപ്പിച്ചത്. അവരുടെ സ്ഥാനാർത്ഥിത്വം ബംഗാളിൽ വൈകാരികമായ ഒരു വികാരം ഉണർത്തിയിരുന്നു. 54-കാരിയായ രത്ന ദേബ്നാഥിനെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി ബിജെപി സമീപിക്കുകയായിരുന്നു.
തന്റെ പ്രധാന ശത്രു മമത ബാനർജിയാണെന്ന് അവർ പറഞ്ഞിരുന്നു. തന്റെ മകൾ ആരോഗ്യ വകുപ്പിൽ ജോലി ചെയ്തിരുന്നു. മമതയാണ് ആരോഗ്യമന്ത്രി. എന്നിട്ടും എന്തുകൊണ്ടാണ് മമത ബാനർജി എന്റെ മകളെ രക്ഷിക്കാതിരുന്നത്? ഈ സംസ്ഥാനത്ത് നീതി ലഭിക്കുമെന്ന പ്രതീക്ഷ ആളുകൾക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഈ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഈ സംസ്ഥാനത്തെ ജനങ്ങൾക്കും ഒരു ശബ്ദം നൽകാൻ താൻ ആഗ്രഹിക്കുന്നുവെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
തന്റെ മകളുടെ കേസ് ഒറ്റപ്പെട്ട ഒന്നല്ലെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു. പശ്ചിമ ബംഗാളിലെ ആയിരക്കണക്കിന് പേർ സമാനമായ കഷ്ടപ്പാടുകൾ നേരിട്ടിട്ടുണ്ടെന്നും, പലപ്പോഴും ഭരണകക്ഷിയുടെ കൈകളിൽ നിന്ന് അവർക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും അവർ പറഞ്ഞിരുന്നു. മുൻ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന വേളയിൽ രത്ന ദേബ്‌നാഥിനൊപ്പം ഉണ്ടായിരുന്നു. ഏപ്രിൽ 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അവർക്കൊപ്പം പ്രചാരണത്തിനായി പനിഹാട്ടി സന്ദർശിച്ചിരുന്നു.