mahua-moitra-profile

‘എന്നെ നിശബ്ദയാക്കാൻ നിങ്ങൾക്ക് എന്തും ചെയ്യാം, എന്റെ ശബ്ദം നിലയ്ക്കില്ല’ മുട്ടയും ചീഞ്ഞ പച്ചക്കറികളും മുഖത്തേക്ക് വലിച്ചെറിഞ്ഞ ബിജെപിയുടെ പ്രവർത്തകരോട് തൃണമൂൽ കോൺഗ്രസിന്റെ പതാകയേന്തി മഹുവ മൊയ്ത്ര എംപി ഉച്ചത്തിൽ അലറിയത് ഇതായിരുന്നു. കൃഷ്ണ നഗറിലെ ഓഫിസിനു നേരെയായിരുന്നു ബിജെപി പ്രവർത്തകരുടെ ആക്രമണം. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം മമതാ ബാനർജിപക്ഷ നേതാക്കൾക്ക് നേരെയുള്ള ആക്രമണത്തിന്റെ തുടർച്ചയായിരുന്നു മഹുവയിലേക്ക് എത്തിയത്. അതുവരെ ടിഎംസി നേതാക്കളെ ആക്രമിച്ചു ഓടിച്ച ബിജെപിക്ക് മഹുവയിലേക്ക് എത്തിയപ്പോൾ കിട്ടിയ പ്രതികരണം മാറി. പതറാതെ അക്രമികൾക്കു മുൻപിൽ നേർക്കുനേർനിന്നു പോരാടി മഹുവ.

ലണ്ടനിൽ ജെ.പി മോർഗൻ ചേസ് ബാങ്കിന്റെ വൈസ് പ്രസിഡന്റ് പദവി. മികച്ച ശമ്പളം, തിളങ്ങുന്ന കോർപ്പറേറ്റ് കരിയർ. എന്നാൽ, ഇതെല്ലാം ഉപേക്ഷിച്ച് ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് വന്ന വനിതയാണ് മഹുവ മൊയ്ത്ര. പാർലമെന്റിലെ ഏറ്റവും ശ്രദ്ധേയവും വിവാദപരവുമായ ആ ശബ്ദം ഇന്ന് വലിയ അതിജീവനം കൂടിയാണ്.

അടിയുറച്ച് മഹുവ; തൃണമൂലിലെ വിശ്വസ്ത

2026-ൽ തൃണമൂൽ കോൺഗ്രസ് എന്ന വൻമരം വലിയൊരു പിളർപ്പിനെ നേരിടുമ്പോൾ, എല്ലാവരും ഉറ്റുനോക്കിയത് മഹുവ മൊയ്ത്രയിലേക്കും സയോണി ഘോഷിലേക്കുമായിരുന്നു. പാർട്ടിയുടെ 28 ലോക്‌സഭാ എം.പിമാരിൽ സയോണി അടക്കം 20 പേരും മമത ബാനർജിയെ കൈവിട്ട് പുതിയ തട്ടകങ്ങൾ തേടിയപ്പോഴും, ദീദിക്കൊപ്പം പാറപോലെ ഉറച്ചുനിൽക്കുകയാണ് കൃഷ്ണനഗർ എം.പി മഹുവ മൊയ്ത്ര. പാർട്ടി നേരിടുന്ന ഈ വലിയ സംഘടനാ പ്രതിസന്ധിക്കിടയിലും അഭിഷേക് ബാനർജിക്കും സൗഗത റോയിക്കുമൊപ്പം തൃണമൂലിന്റെ മുന്നണിപ്പോരാളിയായി അവർ നിലയുറപ്പിക്കുന്നു.

സ്വന്തം പാർട്ടിക്കുള്ളിൽ നിന്ന് തന്നെ അട്ടിമറിക്ക് ശ്രമിക്കുന്ന വിമതർക്കുള്ള മറുപടിയായാണ്, സ്വന്തം നിലപാട് വ്യക്തമാക്കി പാർട്ടി വിട്ട ബിജെപി നേതാവ് സുവേന്ദു അധികാരിയോട് തനിക്ക് ആദരവുണ്ടെന്ന് മഹുവ അടുത്തിടെ തുറന്നടിച്ചത്. അപ്പോഴും ചിലർ മഹുവയും ബിജെപിയിലേക്ക് ചായുന്നു എന്ന് അഭ്യൂഹങ്ങൾ പരത്തി. പ്രതിസന്ധിഘട്ടത്തിൽ രാഷ്ട്രീയ നിലപാടിൽ ഉറച്ചുനിൽക്കുന്നതിനൊപ്പം  അടുത്തടുത്ത ദിവസങ്ങളിൽ മമതയെ സന്ദർശിക്കാനും ശ്രദ്ധിക്കുന്നു ഈ 51 വയസ്സുകാരി.

ബിജെപിയോട് നേർക്കുനേർ

കൃഷ്ണ നഗറിലെ ഓഫീസിനു നേരെയുള്ള ആക്രമണത്തിന് തൊട്ടുപിന്നാലെ, ബിജെപിയുടെ പ്രവർത്തകരുടെ ആക്രമണം ഇനിയും ഉണ്ടാകുമെന്ന സാഹചര്യത്തിലും നിർഭയം മഹുവ മുന്നോട്ടുപോവുകയാണ്. സുവേന്ദു അധികാരിയുടെ സർക്കാർ അധികാരമേറ്റ ശേഷം മമതാ ബാനർജിക്കൊപ്പം നിൽക്കുന്ന ടിഎംസി ജനപ്രതിനിധികൾക്ക് നേരെ അതിക്രൂരമായ ആക്രമണമാണ് സംസ്ഥാനത്ത് തുടരുന്നത്. ഇത് പുറം ലോകത്തേക്ക് തുറന്നുകാട്ടി അതിരൂക്ഷവുമര്‍ശനമാണ് മഹുവ ആവർത്തിക്കുന്നത്. ലോക്സഭയിലെ വനിത എംപി ആയിരുന്നിട്ട് പോലും തനിക്കെതിരായ ആക്രമണത്തിൽ നിസ്സംഗത പാലിക്കുന്ന സ്പീക്കർ ഓം ബിർളക്ക് എതിരെയും മഹുവാ ആരോപണമുന്നയിച്ചു. ബിജെപി പ്രവർത്തകർ ഇനിയും ആക്രമിച്ചേക്കാം എന്ന ഘട്ടത്തിലും.

പരീക്ഷാ ക്രമക്കേടില്‍ ബിജെപിക്കെതിരെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാനെതിരെ അതിരൂക്ഷ വിമർശനമുന്നയിച്ച് കോക്രോച്ച് ജനതാ പാർട്ടിയുടെ ജന്തർ മന്തറിലെ സമരപ്പന്തലിൽ എത്തി. ബിജെപിയുടെ ആക്രമണങ്ങളെ ഭയന്ന് മമതാ പക്ഷത്ത് ഉണ്ടെങ്കിലും പിൻവാങ്ങി നിൽക്കുന്ന മുതിർന്ന നേതാക്കൾക്ക് മുന്നിൽ ചങ്കൂറ്റത്തിന്റെ മാതൃകയാകുകയാണ് ഇവര്‍. നേർക്കുനേർ നിന്ന് ബിജെപിക്കെതിരായി പോരാടാൻ മഹുവ ഇറങ്ങിയതോടെ ഇന്ത്യാ സഖ്യ പാർട്ടികളും ശക്തമായ പിന്തുണയുമായി എത്തി.

പുറത്താക്കലും മാസ് തിരിച്ചുവരവും

2023 ഡിസംബറിലെ ആ ദിനം ഇന്ത്യൻ രാഷ്ട്രീയം അത്ര പെട്ടെന്നൊന്നും മറക്കില്ല. 'ചോദ്യത്തിന് കോഴ' വിവാദത്തിൽ കുടുക്കി മഹുവയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയപ്പോൾ പലരും കരുതി, ആ രാഷ്ട്രീയ ജീവിതം അവസാനിച്ചുവെന്ന്. വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് പാരിതോഷികങ്ങൾ വാങ്ങി അദാനിക്കെതിരെ ചോദ്യങ്ങൾ ഉന്നയിച്ചെന്നും പാർലമെന്റിന്റെ ലോഗിൻ വിവരങ്ങൾ കൈമാറി ദേശീയ സുരക്ഷ അപകടത്തിലാക്കിയെന്നുമായിരുന്നു അവർക്കെതിരായ മുൻസുഹൃത്തും സുപ്രീംകോടതി അഭിഭാഷകനുമായ ജയ് ആനന്ദ് ദേഹാദ്രിയുടെ ആരോപണം.

എന്നാൽ 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അവർ നൽകിയ മറുപടി ശരിക്കും ഒരു 'മാസ്സ് എൻട്രി' തന്നെയായിരുന്നു. കൃഷ്ണനഗറിൽ ബിജെപിയുടെ അമൃത റോയിയെ 56,705 വോട്ടുകൾക്ക് തറപറ്റിച്ച് മഹുവ വീണ്ടും പാർലമെന്റിന്റെ പടവുകൾ കയറി. തന്നെ വേട്ടയാടിയവർക്കുള്ള ജനങ്ങളുടെ മറുപടിയായി ഈ വിജയത്തെ മഹുവ ആഘോഷിച്ചു. 

ഹെൻറി എന്ന നായയെച്ചൊല്ലിയുള്ള തർക്കം 

മഹുവയുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങൾക്ക് സമാന്തരമായി നടന്ന മറ്റൊരു പ്രധാന പോരാട്ടമായിരുന്നു 'ഹെൻറി' എന്ന റോട്ട്‌വീലർ നായയുടെ കസ്റ്റഡി തർക്കം. ചോദ്യത്തിന് കോഴ ആരോപണമുന്നയിച്ച മുൻ സുഹൃത്തും സുപ്രീംകോടതി അഭിഭാഷകനുമായ ജയ് ആനന്ദ് ദേഹാദ്രിയുമായി നല്ല സൗഹൃദത്തിൽ ഇരിക്കെ 2021-ൽ 75,000 രൂപ കൊടുത്താണ് ഹെൻറിയെ വാങ്ങുന്നത്. ബന്ധം വഷളായതോടെ, ദേഹാദ്രായ് തന്റെ വസതിയിൽ അതിക്രമിച്ചു കയറി നായയെ മോഷ്ടിച്ചുകൊണ്ടുപോയി എന്ന് കാണിച്ച് മഹുവാ മൊയ്ത്ര പൊലീസിൽ പരാതി നൽകി. മറുവശത്ത്, നായയുടെ യഥാർത്ഥ ഉടമസ്ഥൻ താനാണെന്നും നായയുടെ പേരിൽ ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് തന്റെ പേരാണെന്നും ദേഹാദ്രായിയും അവകാശപ്പെട്ടു. 

ഒരു ഘട്ടത്തിൽ നായയെ തിരികെ കിട്ടിയാൽ സി.ബി.ഐക്ക് നൽകിയ പരാതി പിൻവലിക്കാമെന്ന് ദേഹാദ്രായ് പറഞ്ഞതായും മൊയ്ത്ര ആരോപിച്ചിരുന്നു. വ്യക്തിപരമായ ഈ തർക്കം പിന്നീട് ഡൽഹിയിലെ വിവിധ കോടതികളിലേക്ക് നീങ്ങി. ഇതുമായി ബന്ധപ്പെട്ട് ദേഹാദ്രായിക്കും ബിജെപി നേതാവ് നിഷികാന്ത് ദുബെയ്ക്കുമെതിരെ മഹുവാ മൊയ്ത്ര ഡൽഹി ഹൈക്കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. 

തന്നെ വ്യക്തിഹത്യ ചെയ്യാൻ ഇവർ ശ്രമിക്കുന്നു എന്നായിരുന്നു ആരോപണം. ആ നിയമനടപടിയുമായി മഹുവ നിരവധി കോടതികൾ കയറിയിറങ്ങി. ചുരുക്കത്തിൽ, മുൻ പങ്കാളികൾ തമ്മിലുള്ള വ്യക്തിപരമായ ശത്രുതയും, ഒരു വളർത്തുമൃഗത്തിന് വേണ്ടിയുള്ള അവകാശവാദവും, രാജ്യത്തെ വൻകിട കോർപ്പറേറ്റുകൾ ഉൾപ്പെട്ട അഴിമതി ആരോപണങ്ങളുമായി കൂടിക്കലർന്ന സങ്കീർണ്ണമായ ഒരു വിഷയമായി മാറി. കോടതികളിലും സി.ബി.ഐ അന്വേഷണത്തിലുമായി ഈ കേസ് ഇപ്പോഴും തുടരുകയാണ്. കേസിന്റെയും അന്വേഷണത്തിന്റെയും സങ്കിർണതകൾ ഏറുമ്പോഴും എടുത്ത നിലപാടിലുറച്ചു നിന്ന് പോരാട്ടം തുടരുകയാണ് മഹുവ.

ബിജെപിയുടെ പേടിസ്വപ്നം

മതനിരപേക്ഷത, ഭരണഘടന, ജനാധിപത്യം - ഈ മൂന്ന് ആയുധങ്ങൾ വെച്ചാണ് ബിജെപിക്കും ആർഎസ്എസിനുമെതിരെ മഹുവയുടെ പോരാട്ടം. ഫാസിസത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചും, പൗരത്വ നിയമ ഭേദഗതിയെക്കുറിച്ചും നടത്തിയ പ്രസംഗങ്ങൾ ദേശീയ തലത്തിൽ തന്നെ വൈറലായിരുന്നു. അദാനി വിഷയത്തിലും, പിന്നീട് സുപ്രീം കോടതി റദ്ദാക്കിയ ഇലക്ടറൽ ബോണ്ട് വിഷയത്തിലുമെല്ലാം സർക്കാരിനെ കണക്കുകൾ സഹിതമാണ് ഈ മുൻ സാമ്പത്തിക വിദഗ്ധ നേരിട്ടത്.

വഴിവെട്ടിയത് യൂത്ത് കോൺഗ്രസിലൂടെ

1974-ൽ അസമിൽ ജനിച്ച മഹുവ, അമേരിക്കയിലെ മൗണ്ട് ഹോളിയോക്ക് കോളജിൽ നിന്നാണ് ഗണിതത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദം നേടിയത്. 2009-ൽ യൂത്ത് കോൺഗ്രസിലൂടെ രാഷ്ട്രീയത്തിൽ പിച്ചവെച്ച അവർ, 2010-ലാണ് തൃണമൂലിന്റെ ഭാഗമാകുന്നത്. 2016-ൽ കരിംപൂരിൽ നിന്ന് എം.എൽ.എ ആയും, 2019-ലും 2024-ലും കൃഷ്ണനഗറിൽ നിന്ന് എം.പിയായും തിരഞ്ഞെടുക്കപ്പെട്ടു.

വിമർശനങ്ങളെ കൂസാത്ത ശൈലി

സ്മൃതി ഇറാനിയെയും പ്രിയങ്ക ഗാന്ധിയെയുമൊക്കെപ്പോലെ പരമ്പരാഗത ഇന്ത്യൻ രാഷ്ട്രീയക്കാരിൽ നിന്ന് തികച്ചും വ്യത്യസ്തയാണ് മഹുവ. വിലപിടിപ്പുള്ള ബ്രാൻഡഡ് ബാഗുകളും സൺഗ്ലാസുകളും ഉപയോഗിക്കുന്ന അവരുടെ ജീവിതശൈലിയെ ബിജെപി പലപ്പോഴും വിമർശിക്കാറുണ്ട്. പ്രായോഗിക രാഷ്ട്രീയത്തിന് ചേരാത്ത അഹങ്കാരിയാണ് അവരെന്നാണ് വിമർശകരുടെ പക്ഷം. നിലവിൽ സിബിഐ അന്വേഷണവും റെയ്ഡുകളുമൊക്കെ നേരിടുമ്പോഴും അതൊന്നും മഹുവയെ ബാധിക്കാറില്ല.

ENGLISH SUMMARY:

From corporate leader to TMC's fiercest voice in Parliament, discover Mahua Moitra's resilience through political crises, controversies, and electoral comebacks.