Image: Manorama
എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ക്ക് പിന്നാലെ ടിവികെ നേതാവ് വിജയ്‌യുടെ മുന്നേറ്റത്തെ അംഗീകരിച്ചേ മതിയാകൂവെന്ന എംഡിഎംകെ നേതാവ് വൈക്കോയുടെ അഭിപ്രായം ചര്‍ച്ചയാവുന്നു. ഭരണകക്ഷിയായ ഡിഎംകെയുടെ സഖ്യക്ഷിയുടെ ഭാഗത്തുനിന്നുണ്ടായ ഈ പ്രശംസ സര്‍ക്കാറിനും തലവേദനയാകുന്നു.
നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശവും പിന്നാലെ നേടിയ ജനസമ്മതിയും അവഗണിക്കാനാവില്ലെന്നാണ് വൈകോ അഭിപ്രായപ്പെട്ടത് . വിജയ്‌ക്ക് ജനങ്ങൾക്കിടയിലുള്ള വൻ സ്വാധീനം തിരഞ്ഞെടുപ്പിൽ അത്ഭുതകരമായ ഫലങ്ങൾ സൃഷ്ടിച്ചേക്കുമെന്നും അപ്രതീക്ഷിത കുതിപ്പ് സംഭവിച്ചേക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ഭൂരിഭാഗം സര്‍വേകളും ഡിഎംകെ തന്നെ അധികാരത്തിലെത്തുമെന്നാണ് പ്രവചിച്ചതെങ്കിലും ടിവികെ ഗണ്യമായ സീറ്റുകള്‍ നേടുമെന്നും തമിഴ്നാട് രാഷ്ട്രീയത്തില്‍ കിങ് മേക്കര്‍ പദവിയിലേക്ക് ഉയരുമെന്നും മിക്ക എക്സിറ്റ് പോള്‍ ഫലങ്ങളും വിലയിരുത്തി. 234 സീറ്റില്‍ ടിവികെ 98 മുതൽ 120 വരെ സീറ്റുകൾ നേടുമെന്ന ആക്സിസ് മൈ ഇന്ത്യ പ്രവചനമാണ് അക്ഷരാര്‍ഥത്തില്‍ ഡി.എം.കെയെ ഉള്‍പ്പെടെ ഞെട്ടിച്ചത്.
ടിവികെ പോലുള്ള പുതിയ കക്ഷികളുടെ വരവ് രാഷ്ട്രീയ മാറ്റങ്ങളും ചലനങ്ങളും ഉണ്ടാക്കിയേക്കാമെങ്കിലും തമിഴകത്തിന്റെ ദ്രാവിഡ പ്രസ്ഥാനമെന്ന അടിത്തറ ഇളക്കില്ലെന്നും വൈക്കോ പറയുന്നു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം തമിഴ്‌നാട്ടിലെ പരമ്പരാഗത രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.