hostel-food-2

മൈസൂരിലെ നഴ്സിങ് കോളേജ് ഹോസ്റ്റലുകളിൽ മലയാളി വിദ്യാർത്ഥികൾ കടുത്ത ദുരിതത്തിൽ. ഹോസ്റ്റലുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിൽ പുഴുവും പാറ്റയും പ്ലാസ്റ്റിക്കും കണ്ടെത്തി. ഭക്ഷ്യവസ്തുക്കള്‍ ശുചിമുറിയില്‍ പോലും  സൂക്ഷിച്ചിരിക്കുന്നു.  ലക്ഷങ്ങൾ ഫീസ് വാങ്ങി വിദ്യാർത്ഥികൾക്ക് 'വിഷം' വിളമ്പുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ദൃശ്യങ്ങൾ സഹിതം കൂടുതൽ വിവരങ്ങൾ.

ഇത് മൈസൂരിലെ മലയാളി വിദ്യാർത്ഥികൾ നേരിടുന്ന ദുരിതം. ആരോഗ്യപരിപാലനത്തിനായി പഠിക്കുന്നവര്‍ക്ക് കിട്ടുന്നത് ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണം.  ചിക്കൻ കറിയിൽ രക്തവും തൂവലുകളും, ചപ്പാത്തിക്കുള്ളിൽ പ്ലാസ്റ്റിക് കഷ്ണങ്ങൾ. വിദ്യാര്‍ഥികള്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങള്‍ കാണാം. നോണ്‍വെജിന്റെ മാത്രമല്ല വെജ് ഭക്ഷണത്തിനായി വാങ്ങിക്കൂട്ടിയ പച്ചക്കറികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. പച്ചക്കറിക്കടകളില്‍ നിന്ന് ഉപേക്ഷിച്ചവയാണെന്ന് തന്നെ ഉറപ്പിക്കാം.

ശുചിമുറിയില്‍ പോലും ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നു. പ്രതിവർഷം 80,000 രൂപയാണ് മെസ്സ് ഫീസായി മാനേജ്മെന്റ് ഈടാക്കുന്നത്.  ഇതിന് പിന്നിലാകട്ടെ 'ഗ്ലോബൽ എജ്യൂക്കേഷൻ സർവീസ്' എന്ന മലയാളികള്‍ നടത്തുന്ന ഏജന്‍സിയാണ് അഞ്ചു ഹോസ്റ്റലുകളിലേക്കും ഭക്ഷണം എത്തിക്കുന്നത്.   കോളേജുകളിലേക്ക് വിദ്യാർത്ഥികളെ എത്തിച്ചു നൽകുന്നതിന് മാനേജ്മെന്റ് നല്‍കുന്ന പ്രത്യുപകാരം.   ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ടാൽ തിരികെ ഭീഷണിയെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഇന്റേണൽ മാർക്ക് വെട്ടിക്കുറയ്ക്കും. കോഴ്സ് കഴിഞ്ഞാൽ സർട്ടിഫിക്കറ്റുകൾ നൽകില്ല എന്നൊക്കെയാണ് ഭീഷണി. പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുവരാനും അനുവാദമില്ല. വിദ്യാർത്ഥികൾ പകർത്തിയ ഈ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും നടപടിയെടുക്കാൻ മാനേജ്മെന്റുകൾ തയ്യാറാകുന്നില്ല.

ENGLISH SUMMARY:

Malayali nursing students staying in college hostels in Mysuru have raised serious complaints over the quality of food served in hostel canteens. Students alleged that chicken curry contained feathers and blood, chapatis had plastic pieces, and cockroaches were found in rice. Visuals captured by students have surfaced online, while accusations of threats involving internal marks and certificate denial have intensified concerns over student welfare and hostel management practices.