പ്രതീകാത്മക ചിത്രം
ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ വളര്‍ത്തമ്മയെ കൊലപ്പെടുത്തിയ കേസില്‍ പതിനേഴുകാരി അറസ്റ്റില്‍. ഏപ്രില്‍ 25നാണ് ജാര്‍ഘണ്ഡ് റാഞ്ചി സ്വദേശി നഹീദ് പര്‍വീന്‍റെ മരണവാര്‍ത്ത പുറത്തുവരുന്നത്. നഹീദ് കുളിക്കുന്നതിനിടെ വഴുതി വീണെന്നാണ് 17 വയസുള്ള വളര്‍ത്തുമകള്‍ ബന്ധുക്കളെ വിളിച്ചറിയിച്ചത്. സാധാരണ മരണമായി കണക്കാക്കി ശരീരം ഇസ്‍ലാമിക ആചാരപ്രകാരം സംസ്കാരിച്ചു. എന്നാല്‍ മരണത്തിന് ശേഷം ബന്ധുക്കള്‍ക്ക് ഒരു സംശയം നഹീദിനെ വളര്‍ത്തുമകള്‍ കൊന്നതാണോ എന്ന്.
മരണശേഷം നഹീദിന്‍റെ മൃതശരീരം സംസ്കരിക്കാന്‍ മകള്‍ വ്യഗ്രത കൂട്ടിയത് മറ്റ് ബന്ധുക്കള്‍ക്ക് സംശയം തോന്നുന്നതിന് കാരണമായി. കൂടാതെ നഹീദിന്‍റെ കഴുത്തിലും നെഞ്ചത്തും പുറത്തും ആഴത്തിലുള്ള മുറിവ് കണ്ടതും സംശയത്തിന് കാരണമായി. ഇതോടെ ബന്ധുക്കള്‍ നഹീദിന്‍റെ മരണം ഒരു കൊലപാതകമായേക്കാമെന്നും കൊലയാളി മകളായേക്കാമെന്നും പരാതിയുമായി പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് പൊലീസിന്‍റെ ചോദ്യംചെയ്യലിലാണ് ഇതൊരു കൊലപാതകമാണെന്ന സത്യം തെളിയുന്നത്.
15 വര്‍ഷം മുന്‍പാണ് ദമ്പതിമാര്‍ ഒരു പെണ്‍കുഞ്ഞിനെ എടുത്തുവളര്‍ത്തുന്നത്. വളര്‍ന്ന പെണ്‍കുട്ടി ഒരു യുവാവുമായി പ്രണയത്തിലായി. ഇക്കാര്യം കണ്ടുപിടിച്ച അമ്മ മകളെ ശകാരിച്ചു. ഇതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രാത്രി പെണ്‍കുട്ടി കാമുകനെ വിളിച്ചുവരുത്തി വീടിനുള്ളില്‍ കയറ്റി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി. ഇതിന് പിന്നാലെ മൃതശരീരം കുളിമുറിയിലേക്ക് മാറ്റി . നേരം വെളുത്തശേഷമാണ് മരണവിവരം പെണ്‍കുട്ടി ബന്ധുക്കളെ അറിയിച്ചത്.
വിവരം പൊലീസിനെ അറിയിക്കാനും തയ്യാറായില്ല. മൃതദേഹം കബറടക്കിയശേഷമാണ് ബന്ധുക്കള്‍ക്ക് സംശയം തോന്നിയത് . നഹീദ് പര്‍വീണിന്‍റ ശരീരത്തിലെ മുറിവുകളാണ് സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് മൃതദേഹം കുഴിച്ചെടുത്ത് നടത്തിയ പരിശോധനയില്‍ നടന്നത് കൊലപാതകമാണെന്ന് തെളിഞ്ഞു.