hyderabad-cycling-track-harassment

ഹൈദരാബാദില്‍ അതിരാവിലെ ഓടാനിറങ്ങിയ യുവതിക്ക് മുന്നില്‍ സ്വയംഭോഗം ചെയ്ത് യുവാവ്. നാനക്രാംഗുഡയിലെ ഔട്ടർ റിങ് റോഡിലൂടെയുള്ള സൈക്ലിങ് ട്രാക്കിലാണ് സംഭവം. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ യുവതി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. വിഡിയോ വൈറലായതോടെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നെറ്റിസൺസും രംഗത്തെത്തിയിട്ടുണ്ട്.

വിനിത എന്ന യുവതിയാണ് കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ വി‍ഡിയോ പോസ്റ്റ് ചെയ്തത്. താന്‍ ഓടാനിറങ്ങിയതായിരുന്നുവെന്നും രാവിലെ 6.15 ഓടുകൂടിയാണ് സംഭവം നടന്നതെന്നും യുവതി പറയുന്നു. ‘ഹൈദരാബാദിലുള്ളവര്‍ക്ക് അറിയാം, അതിരാവിലെ പോലും ഈ സൈക്കിള്‍ ട്രാക്കില്‍ ഒരുപാട് ആളുകളുണ്ടാകും. ഒരു 2 മില്ലിസെക്കൻഡ് നേരത്തെ ഞാന്‍ ക്യാമറ എടുത്തിരുന്നെങ്കില്‍ അയാളുടെ മുഖം നിങ്ങളെ കാണിക്കാമായിരുന്നു’ യുവതി പറഞ്ഞു. താന്‍ വിഡിയോ എടുക്കാന്‍ തുടങ്ങിയതോടെ അയാള്‍ ട്രാക്കിലൂടെ ഓടിരക്ഷപ്പെട്ടുവെന്നും യുവതി പറഞ്ഞു. ‘ഞാൻ എപ്പോഴും സൂര്യോദയത്തിനു ശേഷമാണ് വരാറുള്ളത്, കാരണം ഓടുന്ന വസ്ത്രം ധരിച്ച് ഒരു ഓട്ടോയിലോ ബൈക്കിലോ പോലും എനിക്ക് സുരക്ഷിതത്വം തോന്നിയിട്ടില്ല. ഈ ഓട്ടോക്കാരും ബൈക്കുകാരും തുറിച്ചുനോക്കുന്നു, പലപ്പോഴും പ്രായമായ പുരുഷന്മാരായിരിക്കും ഇവര്‍’ യുവതി വിഡിയോയില്‍ പറയുന്നു.

വിഡിയോ ഓൺലൈനിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്, നിരവധി ഉപയോക്താക്കൾ സൈബറാബാദ് പൊലീസിനെ കമന്‍റില്‍ ടാഗ് ചെയ്യുകയും നടപടി ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ‘ഹൈദരാബാദിനെ ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു, ഈ നഗരം ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ ഒന്നാണെന്നാണ് ഞാൻ ശരിക്കും വിശ്വസിച്ചിരുന്നത്’ എന്നാണ് ഒരു ഉപയോക്താവ് കമന്‍റായി കുറിച്ചത്.

അതേസമയം, വിഡിയോയിലെ വ്യക്തിയെ തിരിച്ചറിയാന്‍ അന്വേഷണം ആരംഭിച്ചതായി സൈബറാബാദ് പൊലീസ് അറിയിച്ചു. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ 100 എന്ന നമ്പറിൽ വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്നും അങ്ങനെ ചെയ്താൽ പൊലീസിന് ഉടനടി പ്രതികരിക്കാന്‍ സാധിക്കുമെന്നും പൊലീസ് പറഞ്ഞു.

ENGLISH SUMMARY:

A shocking incident of public obscenity has been reported from Hyderabad’s popular Nanakramguda cycling track along the Outer Ring Road. Vinita, a regular runner, shared her harrowing experience on Instagram, stating that a man exposed himself and performed a lewd act in front of her around 6:15 AM. Although the perpetrator fled as soon as she started recording, the video captured the immediate aftermath and has since gone viral, drawing sharp criticism from netizens. Vinita highlighted that despite the presence of many people on the track, she often feels unsafe due to constant staring from motorists and passersby. Cyberabad Police have responded to the social media outrage, confirming that they have launched a search to identify and apprehend the individual. They have also urged citizens to immediately dial 100 in such situations to ensure a swift police response. This incident has reignited the debate over women's safety in public spaces and the need for stricter surveillance on popular exercise routes.