മുന്‍മന്ത്രി എസ്.പി വേലുമണിയെ മുന്നില്‍നിര്‍ത്തി കോയമ്പത്തൂര്‍ ജില്ലയിലെ ശക്തികേന്ദ്രങ്ങള്‍ നിലനിര്‍ത്താന്‍ എഐഎഡിഎംകെ. സെന്തില്‍ ബാലാജിയെ ഇറക്കിയുള്ള ഡിഎംകെ തന്ത്രം വിലപ്പോകില്ലെന്ന് തൊണ്ടാമുത്തൂരില്‍ ജനവിധി തേടുന്ന എസ്.പി വേലുമണി മനോരമ ന്യൂസിനോട് പറഞ്ഞു.
ഡിഎംകെ തരംഗം ഉണ്ടായപ്പോഴും എഐഎഡിഎംകെയ്ക്ക് ഒപ്പം കഴിഞ്ഞ തവണ ഉറച്ചുനിന്ന കോട്ടയാണ് കോയമ്പത്തൂര്‍ ജില്ല. ബിജെപിക്ക് ഒരു സീറ്റ് ഉള്‍പ്പെടെ പത്തില്‍ പത്ത് മണ്ഡലങ്ങളും എന്‍ഡിഎ സഖ്യം നേടിയിരുന്നു. തൊണ്ടാമുത്തൂരില്‍ പ്രചാരണത്തിന് എത്തുന്ന എസ്.പി വേലുമണിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വനിതാ പ്രവര്‍ത്തകര്‍ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു. സെന്തില്‍ ബാലാജി കോയമ്പത്തൂര്‍ സൗത്തില്‍ എത്തി മത്സരിക്കുന്നത് ഒരു ഫാക്ടറേ ആകില്ലെന്ന് എസ്.പി വേലുമണി.
മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ വിശ്വസ്തനും കരൂര്‍ എംഎല്‍എയുമായ സെന്തില്‍ ബാലാജിയെ കോയമ്പത്തൂരില്‍ മത്സരിപ്പിക്കുന്നതും ഡിഎംകെ തന്ത്രത്തിന്‍റെ ഭാഗമാണ്. കഴിഞ്ഞതവണ രണ്ടായിരം വോട്ട് ശരാശരിയില്‍ പരാജയപ്പെട്ട മൂന്ന് മണ്ഡലങ്ങള്‍ എങ്കിലും തിരിച്ചുപിടിക്കാന്‍ കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ. ഏതായാലും തമിഴ്നാടിന്‍റെ തട്ടകത്തില്‍ വീറും വാശിയുമുള്ള പോരാട്ടത്തിന് വേദിയായി ഒരിക്കല്‍കൂടി കോയമ്പത്തൂര്‍ ജില്ല മാറുകയാണ്.