Image credit: ANI
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോൾ കനത്ത പോരാട്ടത്തിലൂടെ ശ്രദ്ധേയമാകുകയാണ് തമിഴ്നാട്ടിലെ വില്ലിവാക്കം മണ്ഡലം. ഡിഎംകെയുടെ ഉരുക്കു കോട്ടയായ സീറ്റ് പിടിച്ചെടുക്കാൻ പാർട്ടി ജനറല്‍ സെക്രട്ടറി ആദവ് അർജുനെ രംഗത്തിറക്കിയാണ് ടിവികെ അധ്യക്ഷനും നടനുമായ വിജയ് മണ്ഡലത്തിൽ പോര് കടുപ്പിക്കുന്നത്. മാറ്റം ആവശ്യപ്പെട്ട് ടിവികെ ക്യാംപ് പ്രചാരണം ശക്തമാക്കുമ്പോൾ സർക്കാരിന്‍റെ ജനക്ഷേമ പദ്ധതികളുയർത്തികാട്ടി ഭരണത്തുടർച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഡിഎംകെ.
മണ്ഡലം രൂപീകൃതമായതിനു ശേഷം നടന്ന 11 തിരഞ്ഞെടുപ്പുകളിൽ 8 തവണയും വില്ലിവാക്കം ഡിഎംകെയോടൊപ്പമായിരുന്നു. ഇത്രയും നാൾ ഭരിച്ചിട്ടും മണ്ഡലത്തിൽ ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുണ്ടെന്നാണ് ടിവികെയുടെ വാദം. ഡ്രെയിനേജ് സംവിധാനങ്ങളിലെ വീഴ്ച, കുടിവെള്ള പ്രശ്നങ്ങള്‍, മതിയായ റോഡ്, സ്കൂൾ – കോളജ് സൗകര്യങ്ങളില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് ടിവികെ ക്യാംപ് പ്രചാരണം നടത്തുന്നത്.
തന്‍റേത് ഈ നാട്ടിലെ ജനങ്ങൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്കു വേണ്ടിയുള്ള പോരാട്ടമാണെന്നും ജനങ്ങൾ നൽകുന്ന വലിയ പിന്തുണ വോട്ടായി മാറുമെന്നും ടിവികെ സ്ഥാനാർഥി ആദവ് അർജുന മാധ്യമങ്ങളോട് പ്രതികരിച്ചു. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്കെത്തി ദീർഘകാലം തമിഴ്നാടിനെ നയിച്ച എംജിആറുമായി (എം.ജി.രാമചന്ദ്രൻ) വിജയ്‍യെ താരതമ്യം ചെയ്താണ് ഒട്ടുമിക്ക വേദികളിലും ആദവിന്‍റെ പ്രസംഗം. ടിവികെ ബിജെപിയുടെ ബി ടീം ആണെന്നുള്ള ആരോപണം തള്ളിയ അദ്ദേഹം മത്സരം ഡിഎംകെയും ടിവികെയും തമ്മിലാണെന്നും അതുകൊണ്ടാണ് വിജയ് നിരന്തരം ഡിഎംകെയെ കടന്നാക്രമിക്കുന്നതെന്നും പറഞ്ഞു.
പ്രചാരണം കൊഴുപ്പിക്കുന്നുണ്ടെങ്കിലും ഡിഎംകെയുടെ ഉറച്ച മണ്ഡലം തിരിച്ചു പിടിക്കുക ടിവികെക്ക് അത്ര എളുപ്പമല്ല. അണ്ണാ നഗർ എംഎൽഎയും ഡിഎംകെ നേതാവുമായ എം.കെ.മോഹന്‍റെ മകൻ കാർത്തിക് മോഹനാണ് വില്ലിവാക്കത്തെ ഡിഎംകെ സ്ഥാനാർഥി. എൻജിനീയർ ബിരുദധാരിയായ കാർത്തിക് ജനങ്ങളെ നേരിൽ കണ്ട് വോട്ടഭ്യർഥിക്കുന്ന തിരക്കിലാണ്. വൻ സ്വീകരണമാണ് വോട്ടർമാർ ഒരോ കേന്ദ്രങ്ങളിലും കാർത്തിക്കിന് നൽകുന്നത്. സർക്കാരിന്‍റെ ക്ഷേമ പദ്ധതികൾ ഉയർത്തിയാണ് മണ്ഡലത്തിൽ ഡിഎംകെയുടെ പ്രചാരണം. വീട്ടമ്മമാർക്കുള്ള 8000 രൂപയുടെ കൂപ്പൺ പദ്ധതിയാണ് പാർട്ടിയുടെ പ്രകടന പത്രികയിലെ പ്രധാനപ്പെട്ട വാഗ്ദാനമെന്നും അത് വോട്ടർമാർക്കിടയിൽ തരംഗമായി കഴിഞ്ഞെന്നും കാർത്തിക് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഡിഎംകെയിലെ കുടുംബാധിപത്യം സംബന്ധിച്ച് ഉയർന്നുവന്ന ആരോപണങ്ങൾക്കും അദ്ദേഹം മറുപടി നൽകി. 'എൻറെ അച്ഛനാണ് എൻറെ ഹീറോ, അദ്ദേഹം ജനങ്ങൾക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങളാണ് എന്നെ രാഷ്ട്രീയത്തിൽ ഇറങ്ങാൻ പ്രേരിപ്പിച്ചത്, അറുപതോളം പുതുമുഖങ്ങൾക്കാണ് ഡിഎംകെ ഇത്തവണ സീറ്റ് നൽകിയത്, ഇതിൽ എവിടെയാണ് കുടുംബാധിപത്യം?'-കാർത്തിക് ചോദിക്കുന്നു.
എഐഎഡിഎംകെയിൽ നിന്ന് എസ്.ആർ.വിജയകുമാർ ആണ് വില്ലിവാക്കത്ത് മത്സരിക്കുന്നത്. ഇതോടെ മണ്ഡലത്തിൽ ത്രികോണ പോരിന് സാധ്യതയുണ്ടെന്നാണ് നിരീക്ഷരുടെ വിലയിരുത്തൽ.