Image credit: X/Anurag_Dwary
മധ്യപ്രദേശില്‍ അപകടകരമായി കാറോടിച്ച ശേഷം ന്യായീകരിച്ച് എംഎല്‍എയുടെ മകന്‍. പിച്ചോര്‍ എംഎല്‍എ പ്രിതം ലോധിയുടെ മകന്‍ ദിനേഷ് ലോധിയാണ് അഞ്ചുപേരെ വാഹനമിടിച്ച് പരുക്കേല്‍പ്പിച്ച ശേഷം വിചിത്ര ന്യായീകരണവുമായി തര്‍ക്കിക്കാനെത്തിയത്. എസ്യുവി ഓടിച്ച് ആളുകള്‍ക്കടുത്തെത്തിയപ്പോള്‍ താന്‍ ഹോണടിച്ചിരുന്നുവെന്നും വണ്ടി വരുന്നത് കണ്ട് മാറാതിരുന്നത് ആളുകളുടെ കുഴപ്പമാണെന്നുമാണ് ദിനേഷിന്‍റെ ന്യായീകരണം.
മധ്യപ്രദേശിലെ ശിവ്പുരിയിലാണ് ദിനേഷ് അപകടമുണ്ടാക്കിയത്. രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ബൈക്കില്‍ പോയ മൂന്നുപേരെയും വഴിയാത്രക്കാരായ രണ്ട് സ്ത്രീകളെയുമാണ് ദിനേഷ് ഓടിച്ച കാര്‍ ഇടിച്ചത്. പരുക്കേറ്റ് റോഡില്‍ കിടന്നവരുടെ അടുത്തെത്തിയ ദിനേഷ് ' ഹോണടിച്ചത് കേട്ടില്ലെ, മാറണമായിരുന്നു. അല്ലെങ്കില്‍ ഇങ്ങനെയിരിക്കും' എന്നാണ് പറഞ്ഞത്. സംഭവത്തിന്‍റെ വിഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരെയും ദിനേഷ് ഭീഷണിപ്പെടുത്തി. 'വിഡിയോ എടുക്കല്ലേ മോനെ' എന്നായിരുന്നു ഭീഷണി. സഞ്ജയ് പരിഹാര്‍, ആശിഷ് പരിഹാര്‍, അന്‍ഷുള്‍ പരിഹാര്‍,സിതാ വര്‍മ, പൂജാ സോണി എന്നിവര്‍ക്കാണ് പരുക്കേറ്റത്. തലയ്ക്കും കൈലുകള്‍ക്കും തോളിനുമാണ് ഗുരുതരമായ പരുക്കേറ്റത്.
ബൈക്കിലുണ്ടായിരുന്ന മൂന്നുപേരും ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നുവെന്നും പരുക്കേറ്റ സ്ത്രീകള്‍ റോഡരികിലൂടെ നടന്ന് നീങ്ങുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. എസ്യുവിയുടെ മുന്നിലും പിന്നിലുമായി എംഎല്‍എ ബോര്‍ഡ് വച്ചിരുന്നുവെന്നും ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. വാഹനാപകടത്തില്‍പ്പെട്ടവര്‍ക്ക് നീതി കിട്ടണമെന്നും എംഎല്‍എയെ സംബന്ധിച്ച് ജനങ്ങള്‍ക്കാണ് പ്രഥമ പരിഗണനയെന്നുമായിരുന്നു മകന്‍ അപകടമുണ്ടാക്കിയതിെന കുറിച്ച് ചോദിച്ചപ്പോള്‍ എംഎല്‍എ പ്രിതം ലോധിയുടെ മറുപടി.