ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കൊന്ന് കത്തിച്ച് ഭര്‍ത്താവിന്‍റെ കുടുംബം. കര്‍ണാടക ബല്‍ഗാവി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവമരങ്ങേറിയത്. സത്യവ ഹേളെവാര്‍ എന്ന യുവതിയെ ഫെബ്രുവരി തൊട്ട് കാണാനില്ലെന്ന് ഭര്‍ത്താവിന്‍റെ കുടുംബം പരാതി നല്‍കിയിരുന്നു ഇതിനിടെയാണ് കേസില്‍ ട്വിസ്റ്റായി ഭര്‍ത്താവിന്‍റെ കുടുംബം യുവതിയെ കൊന്ന് കത്തിച്ചതാണെന്ന് വ്യക്തമായത്. 

വിവാഹത്തിന് മുന്‍പ് യുവതി കൃഷ്ണ പാട്ടീല്‍ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഇവര്‍ സന്തോഷ് ഹേളവി എന്ന യുവാവിനെ വിവാഹം ചെയ്യുകയായിരുന്നു. വിവാഹശേഷവും  യുവതി കൃഷ്ണ പാട്ടീലുമായി ബന്ധം തുടര്‍ന്നു പോന്നു. ഒടുവില്‍ സന്തോഷിനെ ഉപേക്ഷിച്ച് യുവതി കൃഷ്ണ പാട്ടീലിനൊപ്പം ഒളിച്ചോടുകയും വാടകവീട്ടില്‍ താമസം തുടങ്ങുകയും ചെയ്തു. മകന്‍റെ ഭാര്യയെ കാണുന്നില്ല എന്ന പേരില്‍ സന്തോഷിന്‍റെ കുടുംബം പൊലീസില്‍ പരാതി നല്‍കി. 

പരാതിയില്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടെ സന്തോഷിന്‍റെ കുടുംബത്തിലെ മൂന്ന് യുവാക്കള്‍ യുവതിയെ കണ്ടെത്തുകയും അവരെ ബലമായി മഹാരാഷ്ട്രയിലേക്ക് കടത്തുകയും ചെയ്തു. കൃഷ്ണയുമായുള്ള ബന്ധം നിര്‍ത്തണമെന്നും സന്തോഷിന്‍റെ വീട്ടില്‍ മടങ്ങിവന്ന് താമസം തുടരണമെന്നും ഇവര്‍ യുവതിയോട് പറഞ്ഞു. എന്നാല്‍ തനിക്ക് ഭര്‍ത്താവിനെ ഇഷ്ടമല്ല കാമുകന്‍റെ കൂടെ താമസിക്കാനാണ് ഇഷ്ടമെന്ന് യുവതി തുറന്നടിച്ചു. 

ഒടുവില്‍ മാര്‍ച്ച് 21ന് യുവതിയെ മൂന്ന് യുവാക്കളും ചേര്‍ന്ന് ബലപ്രയോഗത്തിലൂടെ വിഷം കുടിപ്പിച്ചു. മരണം ഉറപ്പാക്കിയ ശേഷം  മഹാരാഷ്ട്രാ കര്‍ണാടക അതിര്‍ത്തിയിലെ ഒരു ശ്മശാനത്തില്‍ യുവതിയുടെ മൃതശരീരം ദഹിപ്പിച്ചു.  യുവതിയെ കാണാതായതോടെ കാമുകന്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. തനിക്ക് യുവതിയുടെ ഭര്‍ത്താവിന്‍റെ കുടുംബത്തെ സംശയമുണ്ടെന്ന് ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് മൂന്ന് യുവാക്കളെയും ചോദ്യം ചെയ്ത പൊലീസിന് നടന്ന സംഭവം വ്യക്തമായി. അറസ്റ്റിലായ പ്രതികളെ മജിസ്ട്രേട്ട് കോടതി  അന്വേഷണസംഘത്തിന്‍റെ കസ്റ്റഡിയില്‍ വിട്ടു.

ENGLISH SUMMARY:

A woman who left her husband for her lover was murdered and cremated by her husband's family in Karnataka's Belagavi district. The shocking incident unfolded after the family filed a missing person report, only for police investigations to reveal their involvement in the crime.