Image: X,@ndtv
നാലു ദിവസം പഴക്കമുള്ള യുവതിയുെട മൃതദേഹം വീടിന്റെ ശുചിമുറിയില്‍ കണ്ടെത്തി. കൂടെ താമസിക്കുന്ന രണ്ട് സഹോദരന്‍മാരുടേയും മൊഴിയില്‍ കടുത്ത ദുരൂഹത. ജാര്‍ഖണ്ഡിലെ ധന്‍ബാദിലാണ് സംഭവം.
ലിപിക കുമാരിയെന്ന യുവതിയുെട മൃതദേഹം പാതി കത്തിയ നിലയിലാണ് വീടിന്റെ ശുചിമുറിയില്‍ പൊലീസ് കണ്ടെത്തിയത്. രണ്ട് സഹോദരന്‍മാരാണ് ലിപികയ്ക്കൊപ്പം താമസിക്കുന്നത്. എന്നാല്‍ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് സഹോദരന്‍മാര്‍ പറയുന്ന മൊഴി പരസ്പര വിരുദ്ധവും ദുരൂഹത നിറയ്ക്കുന്നതുമാണെന്ന് പൊലീസ് പറയുന്നു.
വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നുവെന്ന് അയല്‍ക്കാര്‍ പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. നാലു ദിവസം പഴക്കമുള്ള പാതി കത്തിയ നിലയിലാണ് ലിപികയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ഏപ്രില്‍ 7നാണ് ലിപിക മരിച്ചത്.2023ല്‍ പിതാവിന്റെ മരണശേഷം ലിപിക കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് മൂത്ത സഹോദരന്‍ പ്രണവ് രാജ്യവര്‍ധന്‍ പറയുന്നു.
‘ഏപ്രില്‍ 7ന് ആരോഗ്യനില വഷളായെന്നും മൂന്നുനാലു തവണ ഛര്‍ദിച്ചെന്നും ഇയാള്‍ പൊലീസിനു മൊഴി നല്‍കി. കാല്‍ പാദത്തില്‍ തടവിക്കൊടുത്തെന്നും കമ്പിളി ഉപയോഗിച്ച് സഹോദരിയെ പുതപ്പിച്ചെന്നും രാജ്യവര്‍ധന്‍. പിന്നാലെ ലിപിക കുഴഞ്ഞുവീണു, ഇളയ സഹോദരനെ അറിയിച്ചു, പക്ഷേ ഒന്നും ചെയ്തില്ല, മൂന്നുനാലു ദിവസം മൃതദേഹം അങ്ങനെ കിടന്നു, പിന്നാലെ മൃതദേഹം അഴുകാന്‍ തുടങ്ങി, പുഴുക്കളും പ്രാണികളും നിറഞ്ഞതോടെ അവയെ ഇല്ലാതാക്കാനായി അവിടെവച്ചു തന്നെ മൃതദേഹത്തിനു തീയിട്ടു’– രാജ്യവര്‍ധന്‍ പറയുന്നു.
അതേസമയം ഇളയ സഹോദരന്‍ മൃതദേഹം കണ്ടെന്ന പ്രണവിന്റെ വാദം പ്രദ്യുത് രാജ്യവര്‍ധന്‍ നിഷേധിച്ചു. ലിപിക മരിച്ച സമയത്തോ പിന്നീടോ താന്‍ വീട്ടിലുണ്ടായിരുന്നില്ലെന്നും എന്താണ് സംഭവിച്ചതെന്നറിയില്ലെന്നും പ്രദ്യുത് പറയുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ ലിപികയ്ക്ക് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കുന്നു.