ട്രാഫിക്ക് നിയമങ്ങള്‍ കര്‍ശനമാണ്. നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റിയും വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചും നിരത്തില്‍ വിലസുന്നവര്‍ ഒട്ടേറെയുണ്ട്. എന്നാല്‍ സങ്കേതികവിദ്യ വികസിച്ചതോടെ നമ്പര്‍ ഒളിപ്പിക്കാന്‍ പുത്തന്‍ആശയങ്ങള്‍ തേടുകയാണ് നിയമവിരുദ്ധര്‍. നിയമത്തില്‍ നിന്നും രക്ഷ നേടാന്‍ നമ്പര്‍ പ്ലേറ്റില്‍ പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒടുവില്‍ പിടിയിലായ ഒരാളുടെ വാര്‍ത്തയാണ് ഹൈദരാബാദില്‍ നിന്നും പുറത്തുവരുന്നത്. പ്രതി ഒരു സാധാരണക്കാരനല്ല മറിച്ച് ഒരു ഡോക്ടറാണെന്നത് സംഭവത്തിന്‍റെ ആശങ്ക വര്‍ധിപ്പിക്കുന്നു.
ജൂബിലി ഹില്‍സ് റോഡിലൂടെ അലക്ഷ്യമായി സഞ്ചരിച്ച ആഡംഭര വാഹനത്തെ ഹൈദരാബാദ് ട്രാഫിക്ക് പൊലീസ് നിര്‍ത്തുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. കാറ് തുറന്ന് പുറത്തിറങ്ങിയ ആളെ കണ്ട പൊലീസുകാര്‍ ഞെട്ടി. മാന്യമായി വസ്ത്രം ധരിച്ച സുമുഖനായ ഒരു ഡോക്ടര്‍. ബ്രെത്തലൈസറില്‍ ഡോക്ടറെ ഊതിച്ചപ്പോള്‍ ഡോക്ടര്‍ മദ്യപിച്ച് കിറുങ്ങിയിരിക്കുകയാണെന്ന് പൊലീസിന് മനസിലാകാന്‍ അധികം ബുദ്ധിമുട്ടുമുണ്ടായില്ല. എന്നാല്‍ കാറിന്‍റെ നമ്പര്‍ പരിശോധിച്ച പൊലീസുകാര്‍ക്ക് സംശയം നമ്പര്‍ മറ്റൊരു വാഹനത്തിന്‍റേതാണ്. നമ്പര്‍ പേറ്റ് മാറ്റി ഒട്ടിച്ചതാണോ എന്ന് പരിശോധിക്കുമ്പോഴാണ് കാര്യത്തിന്‍റെ ഗൗരവം പൊലീസിന് മനസിലായത്. ഡോക്ടറുടെ കാറിന്‍റെ നമ്പര്‍ പ്ലേറ്റ് കറങ്ങും. ഇതിനുള്ള മെക്കാനിസം കാറിന്‍റെ സ്റ്റിയറിങിന് സമീപത്തെ സ്വിച്ചുമായി ഘടിപ്പിച്ചിരിക്കുന്നു.
ഡൽഹി, തെലങ്കാന രജിസ്ട്രേഷനുകളിലുള്ള രണ്ട് നമ്പറുകളാണ് കാറിനുള്ളത്. വാഹനനികുതി വെട്ടിക്കാനായിരുന്നു ഡോക്ടറുടെ ഈ നമ്പര്‍. എന്നാല്‍ അമിതവേഗതയടക്കമുള്ള നിയമലംഘനത്തില്‍ നിന്ന് തലയൂരാനും ഈ തന്ത്രം ഡോക്ടര്‍ ഉപയോഗിച്ചു. 30കാരനായ ഡോക്ടര്‍ക്കെതിരെ ഉടന്‍ തന്നെ മദ്യപിച്ച് വാഹനമോടിച്ചതിനും ആൾമാറാട്ടത്തിനും വഞ്ചനയ്ക്കും പൊലീസ് കേസെടുത്തു.
ഇതാദ്യമായല്ല നമ്പര്‍ പ്ലേറ്റുകള്‍ വ്യാജമായി കാണിക്കാനുള്ള സാങ്കേതികവിദ്യ രാജ്യത്ത് പിടിക്കപ്പെടുന്നത്. നമ്പര്‍ പ്ലേറ്റ് കറങ്ങുന്നതും അക്ഷരങ്ങള്‍ മായുന്നതും ക്യാമറയില്‍ ചിത്രം പകര്‍ത്തിയാല്‍ കറുത്ത നിറത്തിലാകുന്നതുമടക്കം നിരവധി സാങ്കേതികവിദ്യകള്‍ പിടിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ കൂടുതല്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാന്‍ പൊലീസും എംവിഡിയും നിര്‍ബന്ധിതരാകുകയാണ്.