Image Credit:X

Image Credit:X

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് നടത്തിയ മാനസിക–ശാരീരിക പീഡനങ്ങള്‍ക്കൊടുവില്‍ യുവതി ജീവനൊടുക്കി. ഹൈദരാബാദ് സ്വദേശിയായ സോഫ്റ്റ്​വെയര്‍ എന്‍ജിനീയര്‍ ഇഷിത(26)യാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് നീരജിനെതിരെ പൊലീസ് കേസെടുത്തു. വീട്ടിലെ കിടപ്പുമുറിയിലെ ഫാനിലാണ് ഇഷിത ജീവനൊടുക്കിയത്.

2020 ല്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് നീരജും ഇഷിതയും പരിചയപ്പെട്ടത്. ഇഷിത ബിഹാര്‍ സ്വദേശിയും നീരജ് മധ്യപ്രദേശുകാരനുമായിരുന്നു. അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഫെബ്രുവരി 20ന് ഇരുവീട്ടുകാരുടെയും സാന്നിധ്യത്തില്‍ ഇവര്‍ വിവാഹിതരായി. വിവാഹശേഷം ഹൈദരാബാദിലേക്ക് ഒന്നിച്ച് താമസം മാറുകയും ചെയ്തു.

വിവാഹശേഷം നീരജിന്‍റെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങളുണ്ടായെന്നും കൂടുതല്‍ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെടാന്‍ തുടങ്ങിയെന്നും നീരജ് പുതിയതായി തുടങ്ങിയ സ്റ്റാര്‍ട്ടപില്‍ പണം നിക്ഷേപിക്കാന്‍ ഇഷിതയുടെ കുടുംബത്തോട് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഉള്ളതെല്ലാം തന്നാണ് തന്നെ വിവാഹം ചെയ്ത് അയച്ചതെന്നും ഇനി ചോദിക്കാന്‍ കഴിയില്ലെന്നും ഇഷിത നിലപാടെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത പീഡനം ആരംഭിച്ചത്. ഇഷിതയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. നീരജിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)

ENGLISH SUMMARY:

In a tragic incident in Hyderabad, 26-year-old software engineer Ishita committed suicide following alleged dowry harassment by her husband, Neeraj. The couple, who married on February 20, 2026, after a five-year long-distance relationship, had recently moved to the city. Ishita’s family alleges that Neeraj pressured her for more money to invest in his new startup. Following a formal complaint from her parents, Hyderabad police have taken Neeraj into custody for further questioning