AI Image
വിവാഹാഭ്യര്‍ഥന നിരസിച്ചതിന് എച്ച്ഐവി രക്തം കുത്തിവയ്ക്കപ്പെട്ട യുവതി ജീവനൊടുക്കി. ഹൈദരാബാദ് സ്വദേശിയായ യുവതിയ്ക്ക് നേരെ കഴിഞ്ഞ മാസം 11നാണ് അതിക്രമം ഉണ്ടായത്. നിശ്ചയിച്ച് ഉറപ്പിച്ച വിവാഹത്തില്‍ നിന്ന് യുവതി പിന്‍മാറിയതാണ് പ്രതിശ്രുത വരനെ പ്രകോപിപ്പിച്ചത്. യുവാവിന്‍റെ മാതാപിതാക്കള്‍ എച്ച്ഐവി ബാധിതരാണെന്ന് കണ്ടെത്തിയിരുന്നു. ഇതറിഞ്ഞ പെണ്‍കുട്ടിയുടെ കുടുംബം യുവാവിനോട് എച്ച്ഐവി പരിശോധന നടത്താന്‍ ആവശ്യപ്പെട്ടു. സെപ്റ്റംബറില്‍ നടത്തിയ പരിശോധനയില്‍ യുവാവും എച്ച്ഐവി പോസിറ്റീവാണെന്ന് കണ്ടെത്തി. ഇതോടെയാണ് യുവതി വിവാഹത്തിന് താന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയത്.
വിവാഹത്തില്‍ നിന്ന് പെണ്‍കുട്ടിയും കുടുംബവും പിന്‍മാറിയെന്ന് അറിഞ്ഞതില്‍ യുവാവ് അങ്ങേയറ്റം കുപിതനായി. സംസാരിക്കുന്നതിനെന്ന് പറഞ്ഞ് വീട്ടിലേക്ക് എത്തിയ യുവാവ് പെണ്‍കുട്ടിയുടെ മേല്‍ രക്തം കുത്തിവയ്ക്കുകയായിരുന്നു. ഉടന്‍ തന്നെ പെണ്‍കുട്ടി ആശുപത്രിയില്‍ എത്തുകയും ചികില്‍സ തേടുകയും ചെയ്തു. ഈ സംഭവത്തിന് ഒരു മാസം കഴിഞ്ഞതോടെയാണ് യുവതി ജീവനൊടുക്കിയത്. മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പെണ്‍കുട്ടി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. താനും പോസിറ്റീവ് ആകുമോയെന്ന ഭയവും, സമൂഹം ബഹിഷ്കരിക്കുമെന്ന ആശങ്കയും വൈകാരിക പ്രശ്നങ്ങളുമാണ് ജീവനൊടുക്കാന്‍ യുവതിയെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് വിലയിരുത്തുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്നും പൊലീസ് വ്യക്തമാക്കി.